മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധജ്വാല. സുപ്രീംകോടതി ലക്ഷ്യമിട്ട് ഇന്ത്യ സഖ്യത്തിന്റെ വന്‍ പ്രതിഷേധമാര്‍ച്ച് .
പ്രതിപക്ഷ മുന്നണിയുടെ മാർച്ച് സുപ്രീം കോടതിയുടെ അടുത്തേക്ക് നീങ്ങി. കാൽനടയായി നേതാക്കൾക്കൊപ്പം ആയിരക്കണക്കിനു പ്രവർത്തകരും ചേര്‍ന്നു. രണ്ടു ബസുകളിലായി എംപിമാരെത്തി. ഖര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി എന്നിവരും ബസില്‍ എത്തി. കോൺസ്‌റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ ഘടക കക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ബസിൽ നിന്നിറങ്ങി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരും നടന്നാണ് നീങ്ങിയത്. പൊലീസ് എവിടെ തടയുമോ അവിടെ മുതൽ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. ഇതിനിടെ രാഹുലിനേയും പ്രിയങ്കയേയും പൊലീസ് തടഞ്ഞു. ഭഗവാന്‍ ദാസ് റോഡിലാണ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് മുന്നോട്ടു നീങ്ങി. ട്രക്കിനുമുകളിലെ വേദിയില്‍ കയറി രാഹുലും പ്രിയങ്കയും പ്രതിഷേധിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് സംയുക്തമായി നിവേദനം നൽകാൻ പ്രതിപക്ഷ പാർട്ടി നേതാക്കൾ വൈകിട്ട് നാലിന് സമയം ചോദിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ നിവേദനത്തിനു പകരം ഹർജി നൽകാനായിരുന്നു നിർദേശം. നാളെ അതു പരിഗണിക്കാമെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടാൽ ഏതു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഹുലും കോൺഗ്രസ് അധ്യക്ഷൻ ഖർഗെയുമാണു കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചു കത്തുനൽകിയത്.
രാജിയല്ലാതെ മറ്റ് പോംവഴികള്‍ ഗ്യാനേഷ് കുമാറിന്റെ മുന്നിലില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഡല്‍ഹിയെ കേന്ദ്രസര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. RSS-BJP ഗുണ്ടകള്‍ രാജ്യതലസ്ഥാനത്ത് വിഹരിക്കുകയാണ്. കുറ്റവാളിയായ ഗ്യാനേഷ് മാപ്പുസാക്ഷിയാവുകയാണെങ്കില്‍ ഞങ്ങള്‍ ക്ഷമിക്കാന്‍ തയാറാണ്. ഞങ്ങള്‍ നടത്തുന്നത് ശിവ താണ്ഡവമാണെന്നും അതിന് തയാറെടുപ്പുകള്‍ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
അതേസമയം, പ്രതിഷേധങ്ങളിൽ സുപ്രീം കോടതിയെ വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രവർത്തനങ്ങൾ നടക്കട്ടെ, എന്നാൽ സുപ്രീം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കരുത്. അഭിഭാഷകർ, കേസിലെ കക്ഷികൾ, കോടതി ജീവനക്കാർ എന്നിവരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാൻ പാടില്ല.
പ്രതിഷേധക്കാരോടും താൻ ഇക്കാര്യം അഭ്യർത്ഥിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധത്തിനിടെ അഭിഭാഷകരെ തടഞ്ഞുവെച്ചത് സുപ്രീം കോടതിയിൽ അഭിഭാഷക അസോസിയേഷൻ ഉന്നയിച്ചപ്പോഴാണ് പ്രതികരണം.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
