കൊല്ലം: കൊല്ലത്ത് നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരിൽ നടന്നത് കൊടുംക്രൂരതയെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ച മുതൽ മാനസികമായുള്ള പീഡനം തുടങ്ങിയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിയായ അഞ്ജുവാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയിലാണ് ഭർത്താവായ നന്ദുവിനെതിരെയും മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തത്.
നാല് മാസങ്ങൾക്ക് മുമ്പാണ് അഞ്ജുവും നന്ദുവും വിവാഹിതരായത്. സ്ത്രീധനം കുറവാണെന്ന് പറഞ്ഞാണ് നന്ദുവും മാതാപിതാക്കളും മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. നന്ദു, തന്റെ മുൻ കാമുകിയുടെ ശരീരവുമായി അഞ്ജുവിനെ താരതമ്യം ചെയ്തു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൗദിയിലേക്ക് പോയ നന്ദു ഫോണിൽക്കൂടി അഞ്ജുവിനെ അസഭ്യം പറയുമായിരുന്നു. നന്ദു വിദേശത്തേക്ക് പോയതോടെ അഞ്ജു സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്‌നേഹം നടിച്ച് നന്ദുവിന്റെ മാതാപിതാക്കൾ കൂട്ടിക്കൊണ്ടുവന്നു. പിന്നീട് സൗദിയിൽ എത്തിയ ശേഷവും പീഡനം തുടർന്നു.
വിവാഹത്തിനു മുൻപ് അഞ്ജു പലരുമായും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വീഡിയോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പറയിപ്പിച്ചു. നന്ദുവുമായി വിവാഹമോചനം നേടിയ ശേഷം സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും പറയിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി. ഇതിന്റെ ഓഡിയോ സന്ദേശം നന്ദു നാട്ടുകാർക്കും വീട്ടുകാർക്കും അയച്ചുകൊടുത്തു എന്നും എഫ്‌ഐആറിലുണ്ട്.
വീട്ടിലെ ഇടികല്ല്, കുക്കർ, ലാപ്‌ടോപ്പിന്റെ ചാർജർ തുടങ്ങി കൈയിൽ കിട്ടുന്നതെന്തും തന്നെ ഉപദ്രവിക്കാനായി ഉപയോഗിക്കുമായിരുന്നെന്നും യുവതി പറയുന്നു. യുവതിയുടെ ശരീരത്തിലാകമാനം മർദനമേറ്റ പാടുകളുണ്ട്. കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം താൻ മോശം സ്‌ത്രീയാണെന്ന തരത്തിൽ കുറ്റസമ്മതം നടത്തുന്നതിന്റെ ഓഡിയോ ക്ലിപ്പുകൾ റെക്കോർഡ് ചെയ്യുമായിരുന്നെന്നും യുവതി പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
