കൊല്‍ക്കത്ത: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല. പശ്ചിമ ബംഗാളിലെ മാറ്റിഗരയില്‍ ആള്‍ക്കൂട്ടം രണ്ട് പേരെ തല്ലിക്കൊന്നു. പശുക്കടത്ത് ആരോപിച്ചാണ് ആക്രമണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ വടക്കന്‍ ബംഗാളിലെ തരാബാരി പ്രദേശത്ത് ബാലസന്‍ നദീതീരത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ 2.30 നും 3.00 നും ഇടയില്‍ കാറിലും പിക്കപ്പ് വാനും ആയി വരികയായിരുന്ന സംഘത്തെ മതിഗര, ബാഗ്‌ഡോഗ്ര പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലുള്ള താരാബാരി ഗ്രാമത്തില്‍ വെച്ചാണ് അക്രമികള്‍ തടഞ്ഞു നിര്‍ത്തിയത്. കന്നുകാലികളെ മോഷ്ടിക്കാന്‍ എത്തിയ സംഘമാണെന്ന് സംശയം തോന്നിയാണ് ഇവരെ തടഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ന്യായീകരിക്കുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ ഓടി. എന്നാല്‍ രോഷാകുലരായ ആള്‍ക്കൂട്ടം ഇവരേയും പിന്തുടര്‍ന്ന് മര്‍ദിച്ചു.
പ്രദേശത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ആള്‍ക്കൂട്ടം ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങള്‍ തകര്‍ത്ത് തീയിടുകയും ചെയ്തു.
മര്‍ദനമേറ്റ യുവാക്കളിലൊരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമത്തെയാളെ റോഡില്‍ രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ പിന്നീട് മരണത്തിന് കീഴടങ്ങി.
വിവരമറിഞ്ഞ് മാറ്റിഗര പൊലീസ് സ്റ്റേഷനില്‍ നിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
‘മരിച്ച രണ്ടുപേരില്‍ ഒരാള്‍ ചോപ്ര പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള സോനാപൂര്‍ നിവാസിയായ ഷാഹിദ് അക്തറാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റൊരാള്‍ ഹരിയാന നിവാസിയായ സജ്ജാദ് മുഹമ്മദാണ്,’ സിലിഗുരി അഡീഷണല്‍ പൊലിസ് കമ്മീഷണര്‍ അനിര്‍ബന്‍ മജുംദാര്‍ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിലിഗുരി മെട്രോപൊളിറ്റന്‍ പൊലിസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് വധശിക്ഷക്കും അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
