കോഴഞ്ചേരി: മാരാമണിലെ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ട്രെയ്നി കുളത്തൂപ്പുഴ സാംനഗർ കാഞ്ഞിരോടുകുന്ന് ദിൻഷ മൻസിലിൽ ദിൻഷ ഷാജിയെ (20) കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴുകര വെണ്ണപ്രപാറയിൽ ജിത്തു സജി (27) മുൻപും ഒട്ടേറെ കേസുകളിലെ പ്രതിയെന്നു പൊലീസ്.
ഇയാൾക്കെതിരെ ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന കേസിൽ ചെങ്ങന്നൂർ സ്റ്റേഷനിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ജിത്തു തന്നെ ശല്യം ചെയ്യുന്നതായി ദിൻഷ പിതാവിനെ അറിയിച്ചിരുന്നെന്നു പിതൃസഹോദരൻ എം.ആർ.മൊയ്തീൻ ഷാ പറഞ്ഞു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിൽ പൊലീസിനെ അറിയിക്കുമായിരുന്നു. ഇന്നു വീട്ടിൽ എത്തുമെന്ന് അറിയിച്ചിരിക്കെയാണു കൊലപാതകം നടന്നത്.
ദിൻഷയ്ക്കു പിതാവ് പുതിയ ഫോൺ അടുത്തിടെ വാങ്ങി നൽകിയിരുന്നെന്നും മൊയ്തീൻ ഷാ പറഞ്ഞു. ദിൻഷയുമായി 10 മാസത്തെ പരിചയമുണ്ടെന്നാണു ജിത്തു പൊലീസിനോടു പറഞ്ഞത്. കോഴഞ്ചേരിയിൽ ജിത്തു ജോലി ചെയ്തിരുന്നതിനു സമീപത്ത് ഏവിയേഷൻ കോഴ്സ് പഠിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.
ദിൻഷ ഉപയോഗിക്കുന്ന സിം കാർഡ് ജിത്തുവാണ് എടുത്തു നൽകിയത്. ദിൻഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നതു സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചത്. കൊലപാതക ശേഷം ജീവനൊടുക്കാൻ പ്രതി ആലോചിച്ചിരുന്നു. എന്നാൽ റിസോർട്ട് ജീവനക്കാർ പിടികൂടിയതിനാൽ ജീവനൊടുക്കിയില്ലെന്നും പൊലീസ് പറയുന്നു.
സംഭവ സ്ഥലത്തുനിന്നു കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ഉച്ചയ്ക്കു പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനു കോടതിയിൽ അപേക്ഷ നൽകുമെന്നു ഡിവൈഎസ്പി പി.ആർ.സന്തോഷ് പറഞ്ഞു. ദിൻഷ ഷാജിയുടെ കബറടക്കം ഇന്നലെ രാത്രി നടത്തി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
