മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, സ്വയം ‘നടുവിൽ’ കയറി ഷഹബാസ്: നാണക്കേട്

News Desk
1 Min Read

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടി (എസ്.സി.ഒ.)യുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളെ വെട്ടിമാറ്റിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വിമശനമുയരുന്നു. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഫോട്ടോ മധ്യത്തിലായി വരുന്ന രീതിയിലാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രം.

ചൊവ്വാഴ്ച ബിഷ്കെക്കിൽ നടന്ന ഉച്ചകോടിയ്ക്കിടെ എടുത്ത ചിത്രമാണ് ഇത്. പത്തംഗ രാജ്യങ്ങളിലെ നേതാക്കൾ ഒരുമിച്ചുനിന്ന് എടുത്ത ചിത്രത്തിൽ ഏഴുപേരുടെ ചിത്രങ്ങൾ മാത്രമാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ക്രോപ്പ് ചെയ്ത് എക്സിൽ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അടക്കമുള്ള നേതാക്കളെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. വിമർശനം ശക്തമായതോടെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഷെഹബാസ് ഷെരീഫ് മുഴുവൻ നേതാക്കളുടേയും ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ഷെഹബാസ് ഷെരീഫിനെ മധ്യത്തിൽ വരുന്ന രീതിയിൽ ഫോട്ടോ വരുത്താൻ ബോധപൂർവ്വമായ ശ്രമമാണെന്ന് വിമർശനം ഉയരുന്നുണ്ട്. ഉച്ചകോടിയിൽ തങ്ങൾ പ്രധാന സ്ഥാനം വഹിക്കുന്നുവെന്ന് ഇതിലൂടെ ലോകരാജ്യങ്ങളെ അറിയിക്കാനാണ് പാക് ശ്രമമെന്നും വിമർശനമുയരുന്നുണ്ട്.

യഥാർത്ഥ ചിത്രത്തിൽ വലതുവശത്തുനിന്ന് നാലാം സ്ഥാനത്തായാണ് പാക് പ്രധാനമന്ത്രി. ഇത് മനപ്പൂർവ്വം ക്രോപ്പ് ചെയ്ത് തന്റെ ഇരുവശത്തും മൂന്നുപേരടങ്ങുന്ന നേതാക്കൾ വരത്തക്ക രീതിയിലാണ് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പുറമെ എസ്.സി.ഒ. വട്ടമേശ സമ്മേളന വീഡിയോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഷെഹബാസ് ഷെരീഫ് ഔദ്യോഗിക ഫേയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് ക്രോപ്പ് ചെയ്തിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ എസ്.സി.ഒ.യുടെ നേതാക്കളെല്ലാവരും ഒന്നിച്ചു നിൽക്കുന്ന പൂർണചിത്രം തന്നെയാണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചത്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രത്തിന് താഴെ വൻതോതിൽ കമന്റുകളും നിറയുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!