‘തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല’; മലക്കം മറിഞ്ഞ് സുരേഷ് ഗോപി

News Desk
1 Min Read

തൃശൂര്‍: എയിംസുമായി ബന്ധപ്പെട്ട മുന്‍ പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് താന്‍ എയിംസിനെ കുറിച്ച് ഒരക്ഷരം പോലും ഉച്ചരിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

‘തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എയിംസുമായി ബന്ധപ്പെട്ട് ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല. നിങ്ങള്‍ക്ക് എല്ലാ പ്രസംഗങ്ങളും എടുത്ത് നോക്കാം. തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണ് എയിംസ് തൃശൂരിന് അനുയോജ്യമാണെന്ന് പറയുന്നത്. കേരള സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രമേ എയിംസ് തൃശൂരില്‍ വരൂ’. സുരേഷ് ഗോപി പറഞ്ഞു.

മറ്റത്തൂര്‍ പഞ്ചായത്തില്‍ നാനൂറ് ഏക്കര്‍ സ്ഥലമുണ്ട്. ഉപയോഗ ശൂന്യം എന്ന് പറയാന്‍ കഴിയില്ലെങ്കിലും എടുക്കാന്‍ കഴിയുന്ന സ്ഥലം മണ്ണുത്തിയിലും പൊലീസ് അക്കാദമിയിലുമുണ്ട്. എയിംസ് വിഷയത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ വിമുഖത കാട്ടിയിരുന്നു. അത് ഈ സര്‍ക്കാര്‍ കാണിക്കില്ല എന്ന് കരുതുന്നു. എംഎല്‍എമാര്‍ അടക്കം ഒത്തുപിടിച്ചാല്‍ എയിംസിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലത്ത് എയിംസിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന സുരേഷ് ഗോപിയുടെ വാദം ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. തൃശൂരില്‍ മത്സരിക്കാന്‍ എത്തുന്നതിന് മുന്‍പ് എയിംസിനെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ പറയുന്നുണ്ട്. എയിംസ് ആലപ്പുഴയില്‍ വേണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുന്‍പ് ‘എയിംസ് വരും കേട്ടോ മറ്റേ മോനേ’ എന്ന സുരേഷ് ഗോപിയുടെ പ്രതികരണം വലിയ വിവാദമായിരുന്നു. ഇതിലും സുരേഷ് ഗോപി അന്ന് മലക്കം മറിഞ്ഞിരുന്നു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!