പ്രവാസികളുടെ പാസ്പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ് കോട്ടക്കല്‍ മണ്ഡലം കെ എം സി സി

News Desk 03
1 Min Read

റിയാദ്:  സഊദി അറേബ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഇന്ത്യയിലെ നിരക്കിനെക്കാള്‍ പല മടങ്ങ് തുകയാണ് പാസ്പോര്‍ട്ട് പുതുക്കുന്നത് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വിദേശത്ത് ഈടാക്കുന്നത് എന്നും ഇത് ഭൂരിഭാഗം വരുന്ന സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്നും യോഗം ചൂണ്ടിക്കാട്ടി. വിദേശ നാണ്യം സംഭാവന ചെയ്തു ഇന്ത്യന്‍ സമ്പദ് ഘടനയക്ക് ശക്തി പകരുന്ന പ്രവാസികളോട് സര്‍ക്കാര്‍ കരുണ കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ദിവസേന നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല, കാടാമ്പുഴ ക്ഷേത്രം, മൂന്നാക്കല്‍ ജുമാ മസ്ജിദ് എന്നിവയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേനുമായി ബന്ധിപ്പിച്ച് കെ എസ് ആര്‍ ടി സി യുടെ പ്രിയദര്‍ശിനി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ വികസന പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങൾ എംഎല്‍എക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷ പദ്ധതി 2026-27 കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മൊയ്തീന്‍ കോട്ടക്കല്‍, ഫാറൂഖ് പൊന്മള എന്നിവരെ മണ്ഡലം തല കോര്‍ഡിനേറ്റര്‍മാരായി യോഗം തെരഞ്ഞെടുത്തു.

മലാസില്‍ വെച്ച് നടന്ന യോഗം മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ഫൈസല്‍ എടയൂര്‍, മൊയ്തീന്‍ കുട്ടി പുവാട്, ഫര്‍ഹാന്‍ കാടാമ്പുഴ, ദിലൈപ് ചാപ്പനങ്ങാടി, മുഹമ്മദ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ആക്ടിംഗ്‌ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളം സ്വാഗതവും ട്രഷറർ ഗഫൂര്‍ കൊന്നക്കാട്ടില്‍ ‍ നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!