പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരുടെ വേര്‍പാട് തീരാ നഷ്ടം: എസ് ഐ സി

News Desk 03
2 Min Read

ജിദ്ദ: അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: കെ. ആലിക്കുട്ടി മുസ്‌ലിയാർ അനുസ്മരണ യോഗം ജിദ്ദയിൽ സംഘടിപ്പിച്ചു. ഷറഫിയ്യ ദാറുസ്സലാം വില്ലയിൽ നടന്ന പ്രാർത്ഥന സദസ്സും അനുസ്മരണ യോഗവും സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.

അഗാധ പാണ്ഡിത്യവും സ്വതസിദ്ധമായ വിനയവും കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രൊ. ആലിക്കുട്ടി ഉസ്താദിന്റെ ജീവിതം. ചെറുപ്പം മുതൽ തന്നെ വൈജ്ഞാനിക മേഖലയിൽ തന്റേതായൊരിടം കണ്ടെത്താനും അതു വഴി ആയിരക്കണക്കിന് ശിഷ്യന്മാർക്ക് വഴി വെളിച്ചം നൽകാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ ചെറുപ്പം മുതൽ തന്നെ സമസ്തയിലും വൈജ്ഞാനിക മേഖലകളിലും വിശിഷ്യാ ഉമ്മുൽ മദാരിസീൻ പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും പ്രൊഫസറായി പ്രർവർത്തിച്ചിട്ടുള്ള ഉസ്താദ് പ്രസിദ്ധീകരണ രംഗത്തും വിവിധ പുസ്തക രചനകൾ നടത്തി തന്റെയതായ കഴിവ് തെളിയിച്ചിട്ടുണ്ട്. ലോക മുസ്ലിം പണ്ഡിത സഭയായ റാബിത്വയിലെ സ്ഥിരംഗമായിരുന്ന അദ്ദേഹം പല അന്താരാഷ്ട്ര സമ്മേളനങ്ങളിലും അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായിരുന്നു.

സഊദിയിലെ സമസ്തയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് 2018 ൽ നിലവിൽ വന്ന സമസ്തയുടെ യുടെ പ്രഥമ പ്രവാസി പോഷക ഘടകമായ എസ്‌ ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രഖ്യാപനം പരിശുദ്ധ മദീനയിൽ വെച്ച് നടത്തിയത് ഉസ്താദ് അവര്‍കളായിരുന്നു. കാലുഷ്യം നിറഞ്ഞ വർത്തമാന കാലത്ത്, ഏവരാലും സർവ്വസമ്മതനായിരുന്ന ഉസ്താതിന്റെ വേർപാട് കൈരളിക്കും മുസ്ലിം ഉമ്മത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണെന്നും ഉത്ഘാടന പ്രസംഗത്തില്‍ സയ്യിദ് ഉബൈദുല്ല തങ്ങൾ അനുസ്മരിച്ചു.

സഊദി കെ എം സി സി നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര (കെഎംസിസി ജിദ്ദ പ്രസിഡൻറ്), കെ.എം.സി.സി. സീനിയർ നേതാവ് ടി എം.എ. റഊഫ്, വി.പി.മുസ്തഫ (കെഎംസിസി ജിദ്ദ ജനറൽ സെക്രട്ടറി), അബ്ദുൽ നാസർ കോഴിത്തോടി (ഒ ഐ സി സി കോഴിക്കോട് ജില്ല പ്രസിഡന്റ്) എന്നിവർ ഉസ്താദിനെ അനുസ്മരിച്ചു സംസാരിച്ചു.

എം.എ. കോയ മൂന്നിയൂർ, സിദ്ധീഖ് ഹാജി വടകര (ജീപാസ്), കെ.പി അബ്ദുൽ റഹ്മാൻ ഹാജി കൊണ്ടോട്ടി, ഹൈദർ ദാരിമി തുവ്വൂർ, സുലൈമാൻ മുസ്‌ലിയാർ ആലുവ, എഞ്ചി. ജാബിർ നാദാപുരം, അൻവർ ഹുദവി വേങ്ങര, ദിൽഷാദ് കാടാമ്പുഴ, മൊയ്‌ദീൻ കുട്ടി അരിമ്പ്ര, അബ്ദുൽ മുസവ്വിർ, മഹ്ശൂബ് കോഴിക്കോട്, ഹാഷ്മി കിഴിശ്ശേരി, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഹുസൈൻ പാതിരമണ്ണ, സലീം മലയില്‍ തുടങ്ങിയവർ പരിപാടിയില്‍ സംബന്ധിച്ചു.

അഹ്മദ് റഹ്മാനി, മുഹമ്മദലി മുസ്‌ലിയാർ വെട്ടത്തൂർ, അഷ്‌റഫ് ദാരിമി മണ്ണാർക്കാട് എന്നിവർ പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. അബൂബക്കർ ദാരിമി ആലമ്പാടി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻറ്)
സ്വാഗതവും സഊദി നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് റഫീഖ് കൂളത്ത് നന്ദിയും പറഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article