ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

News Desk
1 Min Read

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരിച്ചു. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം നടന്നത്.

തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്നയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഇവര്‍ക്ക് സമീപം കളനാശിനിയുടെ കുപ്പി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കര്‍ഷകനാണ്. ജോസ്‌ന സഹകരണ ബാങ്കിലെ താത്ക്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article