ഡൽഹി: ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. മൊബൈൽ ടവറുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടിയാണ് പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ചത്. 1,34,166 രൂപയാണ് ഇതിൻ്റെ വില. ഇൻമാർസാറ്റ് പോലുള്ള ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളുമായി സഹകരിച്ചാണ് ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
സാധാരണ സ്മാർട്ട്‌ഫോണിൽ നിന്ന് വ്യത്യസ്തമായി, സെല്ലുലാർ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. മൊബൈൽ കവറേജ് ലഭ്യമല്ലാത്ത പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തടസങ്ങളില്ലാതെ വോയ്‌സ് കോളുകൾ ചെയ്യാൻ ഇത് സഹായകരമാകും.
ഈ ഉപകരണം എല്ലാവർക്കും വേണ്ടി രൂപകൽപ്പന ചെയ്തതല്ല. ഇതങ്ങനെ ആർക്കും വെറുതെ വാങ്ങി ഉപയോഗിക്കാനും സാധിക്കില്ല. ഇന്ത്യയിൽ, സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. കൂടാതെ ഫോൺ വാങ്ങുന്നതിനോ ഉപയോഗിക്കുന്നതിനോ മുമ്പ് ഉപയോക്താക്കൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ (ഡിഒടി) നിന്ന് വ്യക്തമായ അംഗീകാരം നേടണമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതിരോധ മേഖല, സമുദ്രയാനം, ദുരന്ത നിവാരണം, ഖനനം, വ്യാവസായിക ആവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും, ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീർഥാടകർക്കും സാഹസിക യാത്രികർക്കും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ബിഎസ്എൻഎൽ എക്സിൽ കുറിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
