മിയാമി: അടിയും തിരിച്ചടിയുമായി പോരാട്ടം കടുക്കുന്ന മത്സരത്തിൽ കാബോ വെർദെയ്‌ക്കെതിരെ അർജന്റീനയ്ക്ക് വീണ്ടും ലീഡ്. 29 ാം മിനിറ്റിലാണ് ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചത്. 59 ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് ഗോൾ നേടിയത്. പിന്നാലെ 103 ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 111 ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തിൽ നിഷ്ഫലമായി.
29 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ സാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസ്സി പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു (1–0). ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി. 14 ാം മിനിറ്റിൽ പോസ്റ്റിനു മുന്നിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്കു പോയിരുന്നു.
59 ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് പന്തുമായി മുന്നേറി പെനാൽറ്റി ബോക്സിനുള്ളിൽ കാബോ വെർദെ മിഡ് ഫീൽഡർ ഡെറോയ് ഡ്യുവേർട്ടിന് റയാബ് മെൻഡസിന്റെ ക്ലിനിക്കൽ പാസ്. പോസ്റ്റിന്റെ കോണിൽ നിന്ന് മികച്ചൊരു ടച്ചിലൂടെ പന്ത് മെരുക്കിയ ഡെറോയ് ഡ്യുവേർട്ടിന്റെ ഷോട്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (1–1).
73 ാം മിനിറ്റിൽ മെസ്സിയെ ഡെറോയ് ഡ്യുവേർട്ട് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് ഫ്രീ കിക്ക്. മെസ്സി ഗോൾവല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പ്രതിരോധമതിൽ തീർത്ത വൊസീഞ്ഞ ഡൈവ് ചെയ്ത് കൈ കൊണ്ട് തട്ടിയകറ്റി. ഏക്ട്രാ ടൈമിലെ 92 ാം മിനിറ്റിൽ ലഭിച്ച കോർണറിൽ മെസ്സിയുടെ ഔട്ട്‌സ്വിംഗർ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റർ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. സ്വതന്ത്രനായി നിന്ന ലിസാൻഡ്രോ മാർട്ടിനെസ്, വലതുഭാഗത്ത് നിന്ന് വൊസീഞ്ഞയെ കബളിപ്പിച്ച് ഗോൾ വല കുലുക്കി (2-1).
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
