ഗുവാഹത്തി: 16 രേഖകള്‍ സമര്‍പ്പിച്ചിട്ടും ഗുവാഹത്തി ഹൈക്കോടതിയില്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കാനാകാതെ ഒരാള്‍. നിരവധി രേഖകള്‍ ഹാജരാക്കിയെങ്കിലും ഇന്ത്യന്‍ പൗരനാണെന്ന് സ്ഥാപിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റിട്ട് ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹര്‍ജിക്കാരനെ വിദേശിയായി പ്രഖ്യാപിച്ച വിദേശ ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
1964 ലെ വിദേശി നിയമത്തിലെ സെക്ഷന്‍ 9 പ്രകാരം, വിദേശിയല്ലെന്ന് സ്ഥാപിക്കാന്‍ പതിനാറ് രേഖകള്‍ സഹായിക്കുന്നതായി തോന്നുന്നില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. വിദേശിയാണോ അല്ലയോ എന്ന ചോദ്യം ഉയര്‍ന്നാല്‍, ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ആ വ്യക്തിക്ക് തന്നെയാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ഷമീമ ജഹാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജൂണ്‍ 30 ന് ഉത്തരവിറക്കിയത്. അമീനുല്‍ ഹഖ് എന്നയാളാണ് ഹര്‍ജിക്കാരന്‍. 2019 ഫെബ്രുവരി 28 നാണ് ഇദ്ദേഹത്തെ വിദേശ പൗരനെന്ന് വിദേശ ട്രൈബ്യൂണല്‍ വിധിച്ചത്. ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
തന്റെ മുത്തശ്ശന്മാരുടെയും പിതാവിന്റെയും പേരുകളടങ്ങിയ 1951-ലെ എന്‍ആര്‍സി (NRC) പകര്‍പ്പ്, 1966 മുതല്‍ 2017 വരെയുള്ള വോട്ടര്‍പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, 1973-ലെ ആധാരങ്ങള്‍, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം അമീനുല്‍ ഹഖ് സമര്‍പ്പിച്ചിരുന്നു. തലമുറകളായി തന്റെ കുടുംബം അസമിലാണ് കഴിയുന്നതെന്നും ഇദ്ദേഹം വാതിച്ചിരുന്നു.
മകന് സാക്ഷി പറയാന്‍ ഹഖിന്റെ പിതാവും കോടതിക്ക് മുന്നിലെത്തിയിരുന്നു. ചില രേഖകളില്‍ പിതാവിന്റേയും മുത്തശ്ശന്റെയും പേരുകള്‍ ഇല്ലാതായതോടെയാണ് ഹഖിനെ വിദേശിയെന്ന് വിധിച്ചതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. അതിഥി തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു അമീനുല്‍ ഹഖ്.
1979-ലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരുകള്‍ ട്രൈബ്യൂണല്‍ വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍, ഇതില്‍ രണ്ട് പേരുകള്‍ ഹര്‍ജിക്കാരന്റെ കുടുംബാംഗങ്ങളുടേതാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. കുടുംബാംഗങ്ങളുടെ പ്രായത്തിലും വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടുന്നത്. 1979-ലെ വോട്ടര്‍പട്ടികയില്‍ 25 വയസ്സ് രേഖപ്പെടുത്തിയ വ്യക്തിക്ക്, 10 വര്‍ഷത്തിന് ശേഷമുള്ള 1989-ലെ വോട്ടര്‍പട്ടികയില്‍ 29 വയസ്സ് മാത്രമാണ് കാണിച്ചിരിക്കുന്നതെന്ന് ട്രൈബ്യൂണല്‍ വിധിയിൽ പറയുന്നു.
മാത്രമല്ല, ധോബാകുര, ഘുഗുഡോബ, ഹഷ്ഡോബ എന്നീ മൂന്ന് വ്യത്യസ്ത ഗ്രാമങ്ങളിലായാണ് ഈ പേരുകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് മൂന്ന് വേറിട്ട കുടുംബങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തില്‍, 1985 മുതല്‍ ഘുഗുഡോബയിലെ കുടുംബത്തില്‍ നിന്നും 1997 മുതല്‍ ഹഷ്ഡോബയിലെ കുടുംബത്തില്‍ നിന്നും ധോബാകുരയിലെ കുടുംബം തികച്ചും വ്യത്യസ്തമാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു.
ഹാജരാക്കിയ രേഖകളൊന്നും തന്നെ ഹര്‍ജിക്കാരന്റെയോ അദ്ദേഹത്തിന്റെ പൂര്‍വികരുടെയോ അസ്തിത്വം കൃത്യമായി തെളിയിക്കുന്നില്ലെന്ന് വിധിയില്‍ പറയുന്നു. 1966 ജനുവരി 1 മുതല്‍ ഇവര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്ന വാദം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ വിദേശിയല്ലെന്നും ഇന്ത്യന്‍ പൗരനാണെന്നും തെളിയിക്കുന്നതില്‍ ഹര്‍ജിക്കാരന്‍ പരാജയപ്പെട്ടുവെന്നും, 1946-ലെ വിദേശി നിയമത്തിലെ സെക്ഷന്‍ 9 പ്രകാരമുള്ള നിയമപരമായ ബാധ്യത നിറവേറ്റാന്‍ ഇയാള്‍ക്ക് സാധിച്ചിട്ടില്ലെന്നും ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
