മലയാളികൾക്ക് അഭിമാനമായി ആലപ്പുഴക്കാരൻ നിഷാദ്; പെർഫ്യൂം വില്പനക്കാരനിൽ നിന്ന് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിനിന്‍റെ ക്യാപ്റ്റൻ സീറ്റിലേക്ക്

malayalampress
1 Min Read

അബുദാബി: ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ കുതിച്ചുപായുമ്പോൾ, അത് ലോകമെമ്പാടുമുള്ള മലയാളികൾക്ക് വലിയൊരു അഭിമാന നിമിഷമാണ്. യുഎഇയുടെ ഈ അഭിമാന പദ്ധതിയെ നയിക്കുന്ന മുൻനിരക്കാരിൽ ഒരാൾ ഒരു മലയാളിയാണ്. ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടമാണ് ആലപ്പുഴ സ്വദേശിയായ നിഷാദ് (29) സ്വന്തമാക്കിയത്. നിലവിൽ ഇത്തിഹാദ് റെയിലിന്‍റെ ‘ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജർ’ ആയി സേവനമനുഷ്ഠിക്കുകയാണ് ഈ മലയാളി യുവാവ്.

ഇത്തിഹാദ് പാസഞ്ചർ ട്രെയിനുകളുടെ പൈലറ്റ് കാബിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് നിഷാദ് നടത്തിയ യാത്ര അത്ര എളുപ്പമായിരുന്നില്ല. 2014-ൽ ഒരു പ്രാദേശിക സ്ഥാപനത്തിൽ കാഷ്യറായാണ് നിഷാദ് തന്റെ പ്രവാസ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് പെർഫ്യൂം വില്പനക്കാരനായും ഹോട്ട് ഡോഗ് സാൻഡ്‌വിച്ചുകൾ ഉണ്ടാക്കിയും ഹോം ഡെലിവറി നടത്തിയും നിഷാദ് ഉപജീവനമാർഗം കണ്ടെത്തി. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാതാപിതാക്കളായ നൗഷാദും ഷീബയും നിഷാദിന് ശക്തമായ പിന്തുണ നൽകി. ഈ ജോലികളാണ് നിഷാദിന് അച്ചടക്കവും ക്ഷമയും വിനയവും ലക്ഷ്യബോധവും നൽകിയത്. എന്നാൽ അവിടം കൊണ്ട് തന്‍റെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടാൻ നിഷാദ് തയ്യാറായിരുന്നില്ല.

2017-ൽ പാം ജുമൈറ മോണോറെയിലിലൂടെയാണ് നിഷാദ് റെയിൽവേ ഗതാഗത മേഖലയിലേക്ക് പ്രവേശിക്കുന്നത്. ജീവിതം ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് കൊവിഡ്-19 മഹാമാരി പ്രതിസന്ധി തീർത്തത്. എന്നാൽ ആ തളർച്ചയിലും നിഷാദ് പതറാതെ മുന്നോട്ടുപോയി. ദുബായ് ട്രാമിലും ദുബായ് മെട്രോയിലും ജോലി ചെയ്തു. തന്‍റെ മികച്ച പ്രകടനത്തെത്തുടർന്ന് ‘കീ ഇൻസ്ട്രക്ടർ’, ‘അസസ്സർ’ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.

ഇത് അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലായി മാറി. ഇതിനുശേഷം 2023-ൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് ടീം ലീഡറായി ചേർന്ന നിഷാദിന്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ സീനിയർ ടീം ലീഡറായി പ്രൊമോഷനും ലഭിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article