ടോംബ്ലെയ്ൻ: ആദ്യമായി സ്കൈ ഡൈവിംഗിനൊരുങ്ങിയ സംഘത്തെ കാത്തിരുന്നത് മരണം. സ്കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനം തകർന്ന് 11 പേർക്ക് ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്.
ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർമാരാണ്. രാവിലെ പത്ത് മണിയോടെ ഫ്രാൻസിലെ നാൻസി എസ്സേ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം വൈകാതെ തകരുകയായിരുന്നു. സംഭവത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം നടത്തുമെന്ന് മന്ത്രിമാർ വിശദമാക്കി.
സ്കൈ ഡൈവിംഗിന് പുറപ്പെട്ട യാത്രക്കാരുടെ ബന്ധുക്കളുടെ മുന്നിൽ വച്ചാണ് വിമാനം തകർന്ന് വീണത്. ആദ്യമായി സ്കൈ ഡൈവിംഗ് ചെയ്ത് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാൻ എത്തിയവർക്ക് മുന്നിലേക്കാണ് വിമാനം തകർന്ന് വീണത്. സംഭവത്തിന് ദൃക്സാക്ഷികളായ ഉറ്റവർക്ക് മാനസിക ബുദ്ധിമുട്ടുകൾ നേരിടാൻ ആവശ്യമായ സഹായം ചെയ്യുമെന്നാണ് മേയർ വിശദമാക്കിയത്.
വിമാനത്താവളത്തിന്റെ അവസാന ഭാഗത്താണ് വിമാനം തകർന്ന് വീണത്. ഇത് ജനവാസ മേഖലയ്ക്കും ഷോപ്പിംഗ് സെൻററിനും സമീപത്താണ്. വിമാനം തലനാരിഴയ്ക്കാണ് സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് വീഴാതിരുന്നത്. കൊല്ലപ്പെട്ട സ്കൈഡൈവർമാരിൽ ഏറെയും നഴ്സുമാരാണ്. മേഖലയിലെ ഒരു നഴ്സിംഗ് സ്ഥാപനത്തിൽ നിന്ന് വാരാന്ത്യ ആഘോഷത്തിനായി എത്തിയതായിരുന്നു ഇവർ.
ഫ്രാൻസിന്റെ സ്കൈ ഡൈവിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്.ടേക്ക് ഓഫിന് പിന്നാലെ വലത് വശത്തേക്ക് തിരിഞ്ഞ വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നാലെ വിമാനത്തിന് തീ പിടിച്ചു. വിമാനത്തിലുണ്ടായിരുന്നവർ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ഫ്രാൻസിലും ഉഷ്ണ തരംഗം ശക്തമാവുന്നതിനിടെയാണ് അപകടമുണ്ടായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
