‘നിപ ഫലം മറച്ചുവെച്ചിട്ടില്ല, സംഭവിച്ചത് കമ്യൂണിക്കേഷൻ ഗ്യാപ്പ്’: ആരോഗ്യമന്ത്രിയുടെ ആരോപണം തള്ളി ഡോ. റീന

News Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവുമായി ഡോ.കെ.ജെ.റീന ഇന്ന് തിരുവനന്തപുരത്തെ ഡിഎച്ച്എസ് ഓഫീസിൽ എത്തിയെങ്കിലും, നിലവിലെ താത്കാലിക ഡയറക്ടർ ഡോ.വി.മീനാക്ഷി ചുമതലയൊഴിഞ്ഞു നൽകാൻ തയ്യാറായില്ല.

ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നും, അതിൽ അന്തിമ തീരുമാനമാകുന്നതുവരെ ഡോ.മീനാക്ഷി തന്നെ ഡിഎച്ച്എസ് സ്ഥാനത്ത് തുടരുമെന്നുമുള്ള ഉറച്ച നിലപാടിലാണ് സർക്കാർ.

കോടതി വിധി അനുസരിച്ചാണ് താൻ ഓഫീസിൽ എത്തിയതെന്നും, ഹൈക്കോടതി മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ സന്തോഷത്തോടെ അത് അംഗീകരിക്കുമെന്നും ഡോ.കെ.ജെ.റീന മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രത്യേകിച്ച് ഏതെങ്കിലും ഒരു കസേരയിൽ ഇരുന്ന് ജോലി ചെയ്യണമെന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല. ഓഫീസിലെ ഏത് സീറ്റിലിരുന്നും എനിക്ക് ജോലി ചെയ്യാം. പകർച്ചവ്യാധി പ്രതിരോധം അടക്കം നടക്കുന്ന ഈ സമയത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഒരു കല്ലുകടിയാകാനോ ഇടയിൽ കയറി കുത്തിത്തിരിപ്പുണ്ടാക്കാനോ ഞാനില്ല. എന്റെ മുന്നിലുള്ള കുറെയധികം പെൻഡിങ് ഫയലുകൾ തീർക്കുകയാണ് ലക്ഷ്യം’, ഡോ. റീന വ്യക്തമാക്കി.

നിപ പരിശോധനാ ഫലം മറച്ചുവെച്ചെന്ന ആരോഗ്യമന്ത്രിയുടെ ആരോപണം ഡോ. റീന പൂർണമായി തള്ളി. താൻ വിവരമറിഞ്ഞയുടൻ മന്ത്രിയെ ഫോണിൽ വിളിച്ചിരുന്നുവെന്ന് അവർ വിശദീകരിച്ചു: ‘വൈകുന്നേരം കൃത്യം 6:24നാണ് വാട്സ്ആപ്പിലൂടെ ഞാൻ നിപ പോസിറ്റീവ് ഫലം അറിയുന്നത്. ഉടൻ തന്നെ മന്ത്രിയെ വിളിച്ച് ‘സർ, ഞാനിപ്പോഴാണ് വിവരം അറിയുന്നത്’ എന്ന് പറഞ്ഞു.

മന്ത്രിയുടെ ഓഫീസ് അടക്കം ഇരുപതോളം ഉദ്യോഗസ്ഥർക്ക് ഒരേ സമയത്താണ് ഇമെയിൽ വഴി ഈ റിപ്പോർട്ട് വരുന്നത്. രോഗി അഡ്മിറ്റായിരിക്കുന്നതും സാമ്പിൾ എടുത്തതും മെഡിക്കൽ കോളജിലാണ്. അതിനാൽ ഫലത്തിന്റെ കാര്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും തുല്യ ഉത്തരവാദിത്വമുണ്ട്. സിസ്റ്റത്തിൽ ഒരു കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. എന്നാൽ വിവരം കിട്ടിയിട്ടും ഞാൻ അത് മറച്ചുവെച്ചു എന്നത് ഒട്ടും സത്യമല്ല.’ റീന പറഞ്ഞു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article