“ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ല”; പിഎം ശ്രീയിൽ സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്‌യു

News Desk
2 Min Read

തിരുവനന്തപുരം: പിഎം ശ്രീ തുടരാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത നിലപാടുമായി കെഎസ്‌യു. ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ കാലങ്ങളിൽ കെഎസ്‌യു അത് ചെയ്തിട്ടില്ല. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. പിഎം ശ്രീക്കെതിരെ തെരുവിൽ സമരം ചെയ്ത് തല്ലുകൊണ്ടവരാണ് കെഎസ്‌യുക്കാരെന്നും പിഎം ശ്രീ സംഘപരിവാറിൻ്റെ കുഞ്ഞെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സ്വന്തം മന്ത്രിസഭയെ പോലും അറിയിക്കാതെ, ബി.ജെ.പി സർക്കാരിന്റെ ആജ്ഞയനുസരിച്ച് പോയി ഒപ്പിട്ടുകൊടുത്ത പിണറായി വിജയൻ സർക്കാരിനെതിരെ അന്നൊരക്ഷരം പോലും ഉരിയാടാത്ത എസ്.എഫ്.ഐക്ക് ഇന്ന് ഈ വിഷയത്തിൽ സംസാരിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളത്?

ഭരണം കിട്ടുമ്പോൾ ഒരു നിലപാടും പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടും സ്വീകരിക്കാൻ കെ.എസ്.യു പഠിച്ചിട്ടില്ല; കഴിഞ്ഞകാലങ്ങളിലും കെ.എസ്.യു അത് ചെയ്തിട്ടില്ല, ഇനി ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.

പി.എം. ശ്രീ സംഘപരിവാറിന്റെ കുഞ്ഞാണ്! ഇന്ത്യയുടെ പാഠപുസ്തകങ്ങളെയും കലാശാലകളെയും കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളത്!, പാഠപുസ്തകങ്ങളിൽ നിന്ന് ജവഹർലാൽ നെഹ്റു മുതൽ മൗലാനാ അബുൽ കലാം ആസാദ് വരെയുള്ള നിരവധിയായ മനുഷ്യരെയും നയിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രംവും മായ്ച്ചുകളഞ്ഞ് വരാനിരിക്കുന്ന തലമുറയെ കാവിവൽക്കരിക്കാനുള്ള നീക്കത്തോടാണ് എൽ.ഡി.എഫ് സർക്കാർ അന്ന് പൊരുത്തപ്പെട്ടത്ത്!

ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത് സംഘപരിവാറിന് വിധേയപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ നയങ്ങളോടുമുള്ള ശക്തമായ വിയോജിപ്പ് കൊണ്ടുകൂടിയാണ്. അത് യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കുന്നുണ്ടെന്ന് തന്നെയാണ് കെ.എസ്.യു വിശ്വസിക്കുന്നത്, മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് പിൻമാറാൻ സംസ്ഥാന സർക്കാരിനുണ്ടാകുന്ന മുഴുവൻ സാങ്കേതിക ബുദ്ധിമുട്ടുകളും കെ.എസ്.യുവിന് ബോധ്യമുണ്ട്, മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ കെ.എസ്.യു സ്വാഗതം ചെയ്യുന്നു.
എന്നാൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ ആശങ്കകളും കെ.എസ്.യു സർക്കാരിനെ അറിയിക്കും.

വിഷയത്തിൽ തെരുവിൽ സമരം ചെയ്ത വിദ്യാർത്ഥി സംഘടന എന്ന നിലയിൽ കെ.എസ്.യുവിനെയും സമരം ചെയ്യാത്ത എസ് എഫ് ഐ ഒഴികെയുള്ള മുഴുവൻ വിദ്യാർത്ഥി സംഘടനകളെയും സർക്കാർ വിശ്വാസത്തിൽ എടുക്കണം.കേൾക്കാൻ സർക്കാർ തയ്യാറാകുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

എസ് എസ് എ പോലുള്ള പദ്ധതികളുടെ ഫണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കോടതി നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ സാധ്യത സർക്കാർ പരിശോധിക്കുമെന്നാണ് കരുതുന്നത്ത്.

കേരള സർക്കാരിനെ വീർപ്പ് മുട്ടിക്കാൻ കേന്ദ്രം തുനിഞ്ഞാൽ, സർക്കാരിന് വേണ്ടി തെരുവിൽ പോരാടാൻ ഞങ്ങൾ തയ്യാറാണ്.

അതല്ലാതെ, മാധ്യമങ്ങളിൽ വരുന്ന തലയും വാലുമില്ലാത്ത വാർത്തകൾക്ക് അപ്പപ്പോൾ മറുപടി നൽകുക എന്നതല്ല കേരളത്തിലെ കെ.എസ്.യുവിന്റെ ഉത്തരവാദിത്വം എന്ന് കൂടി ഈ വിഷയത്തിൽ ഓർമ്മിപ്പിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article