ഡൽഹി: മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം തീവ്രവാദ ഗ്രൂപ്പുകൾക്ക് ഇഷ്ടപ്പെട്ട പ്ലാറ്റ്ഫോമായി മാറിയെന്ന് കേന്ദ്രസർക്കാർ ആരോപിച്ചു. നിയമപാലകരിൽ നിന്ന് രക്ഷപ്പെടാൻ ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എൻടിഎയുടെ ആവശ്യപ്രകാരമാണ് നിയന്ത്രണം.
ചോദ്യ പേപ്പർ ചോർന്നുകഴിഞ്ഞാൽ അത് വൈറലാകും. ടെലഗ്രാം ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ ഉൾപ്പെടെ നിർണായക വിവരങ്ങൾ മറച്ചുവെയ്ക്കാനാകുമെന്ന് കേന്ദ്രം വ്യക്തമാക്കി. ആപ്പ് നിർമിച്ചവർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. പ്രത്യേക ലിങ്കുകൾ നോക്കി റദ്ദാക്കുന്നത് ടെലഗ്രാമിൽ പ്രയോഗികമല്ല.
കേസിൽ വാദം പൂർത്തിയാക്കിയ കോടതി ഉത്തരവ് പറയാൻ മാറ്റിവച്ചു. ഏതെങ്കിലും കക്ഷിക്ക് എന്തെങ്കിലും സമർപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ വൈകുന്നേരം 7 മണിക്കുള്ളിൽ സമർപ്പിക്കാമെന്നും കോടതി പറഞ്ഞു. ക്രിമിനൽ നെറ്റ്‌വർക്കുകൾ, സൈബർ തട്ടിപ്പുകാർ, തീവ്രവാദ ഗ്രൂപ്പുകൾ എന്നിവർ ടെലഗ്രാം ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് സർക്കാർ കോടതിയിൽ വിശദീകരിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ ചോർന്നതിൻ്റെ പ്രചരണം, സൈബർ തട്ടിപ്പ്, തീവ്രവാദവുമായി ബന്ധപ്പെട്ട പ്രചാരണം, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വസ്തുക്കൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രധാന വേദിയായി ടെലഗ്രാം പരിണമിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
ടെലഗ്രാമിലെ ചില ചാനലുകൾക്കും ഉള്ളടക്കത്തിനുമെതിരായ സർക്കാർ നടപടിയെ വെല്ലുവിളിച്ച കേസിൽ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്. പൈറേറ്റഡ് സിനിമകൾ, വെബ് സീരീസുകൾ, മറ്റ് പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ എന്നിവ വിതരണം ചെയ്യാൻ ടെലഗ്രാം ചാനലുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കോടതിയെ ധരിപ്പിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
