കൊല്ലം: പ്രിയദർശിനി പദ്ധതി യാത്രയ്ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വെച്ച് നടന്ന ‘പ്രിയദർശിനി’ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ ബസിനുള്ളിൽ പായസവിതരണം നടന്നിരുന്നു. മന്ത്രിക്ക് നൽകുന്നതിനായി കോൺഗ്രസ് പ്രവർത്തകർ ബസിലേക്ക് പായസം എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഈ സമയത്ത് മന്ത്രിയെ കാണാനും ആശംസകൾ അറിയിക്കാനുമായി അനുയായികളും യാത്രക്കാരും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം ബസിനുള്ളിലേക്ക് ഇരച്ചുകയറി.
തിരക്കിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പായസം നിറച്ച പാത്രം തട്ടുകയും ചൂടുള്ള പായസം മന്ത്രിയുടെ തലയിലേക്കും ദേഹത്തേക്കും മറിയുകയുമായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. പായസം വീണെങ്കിലും ചിന്നക്കട വരെ ബസിൽ യാത്ര തുടർന്ന ശേഷമാണ് മന്ത്രി മടങ്ങിയത്.
മനഃപൂർവമല്ലെന്ന് പ്രവർത്തകർ
സംഭവം വിവാദമായതോടെ വിശദീകരണവുമായി പാർട്ടി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സംഭവം ഒട്ടും മനഃപൂർവമല്ലെന്നും ബസിനുള്ളിലെ അനിയന്ത്രിതമായ തിരക്ക് കാരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് പ്രവർത്തകരുടെ വിശദീകരണം. അതേസമയം, ചടങ്ങിലുണ്ടായ സുരക്ഷാവീഴ്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിച്ച് വരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
