ന്യൂഡൽഹി: ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. മൂന്ന് നാവികരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായും മന്ത്രി പറഞ്ഞു.
പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിൽ 24 ഇന്ത്യൻ പൗരന്മാരും നാല് വിദേശ പൗരന്മാരും ഉൾപ്പെടെ ആകെ 28 ജീവനക്കാരുണ്ടായിരുന്നു. 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി. ‘ഇത് നികത്താനാവാത്ത നഷ്ടമാണ്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് സർക്കാർ. രക്ഷപ്പെടുത്തിയ ജീവനക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കും. മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി’– സർബാനന്ദ സോനോവാൾ പറഞ്ഞു.
എണ്ണക്കപ്പലിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിലാണ് ജീവനക്കാർ കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുഎസ് നാവികസേനയുടെ ആക്രമണമുണ്ടായത്. അസംസ്കൃത എണ്ണയും രാസവസ്തുക്കളും കൊണ്ടുപോകുകയായിരുന്നു കപ്പൽ. ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് യുഎസ് പറയുന്നത്. മിസൈൽ ഏറ്റ കപ്പലിന്റെ വിഡിയോയും യുഎസ് പുറത്തുവിട്ടിരുന്നു. ഒമാൻ തീരക്കടലില്‍ തിങ്കളാഴ്ച യുഎസ് മിസൈലേറ്റു തീപിടിച്ച എംടി മാരിവെക്സ് കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ഡൽഹിയിലെ യുഎസ് എംബസി ചാർജ് ഡി അഫയേഴ്സിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
