വ്യാജ ബാങ്കിങ് ആപ്പ്: പ്രവാസിക്ക് നഷ്ടമായത് രണ്ട് കോടി; തുക ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ചത്!

News Desk
1 Min Read

ദുബായ്: ബാങ്കിൽ നിന്ന് വായ്പയായി ലഭിച്ച 8,00000 ദിർഹം (ഏകദേശം 2 കോടിയിലേറെ രൂപ) വ്യാജ ബാങ്കിങ് ആപ്പ് വഴി പ്രവാസിക്ക് നഷ്ടമായി. ഫോണിൽ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പുകാർ മൊബൈലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് വ്യക്തിഗത വിവരങ്ങളോ ബാങ്ക് രേഖകളോ അപരിചിതരുമായി പങ്കുവയ്ക്കരുതെന്ന് ദുബായ് പൊലീസ് വീണ്ടും കർശന മുന്നറിയിപ്പ് നൽകി.

ദുബായ് പൊലീസിന്റെ ഔദ്യോഗിക പോഡ്‌കാസ്റ്റിൽ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ മേജർ സൗദ് അബ്ദുറഹ്മാൻ അൽ ഖസ്രാജിയാണ് തട്ടിപ്പിന്റെ രീതി വിശദീകരിച്ചത്. ബാങ്ക് ജീവനക്കാരനെന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരനോട് തനിക്ക് വായ്പകളുടെ ആവശ്യമില്ലെന്നും അടുത്തിടെയാണ് മറ്റൊരു വായ്പ അനുവദിച്ചതെന്നുമുള്ള വിവരം ഇയാൾ അബദ്ധത്തിൽ പങ്കുവച്ചത്. ഈ വിവരമാണ് തട്ടിപ്പുകാർക്ക് വലിയ അവസരമൊരുക്കിയത്.

പിന്നീട് ബാങ്കിന്റെ പുതിയ ആപ്പ് ഇറങ്ങിയെന്നും ലോഗോ മാറിയെന്നും പറഞ്ഞ് മറ്റൊരു സംഘം ഇയാളെ വിളിച്ചു. അക്കൗണ്ട് വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഇയാൾ തട്ടിപ്പുകാർ നൽകിയ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു. ആപ്പിലൂടെ മൊബൈലിന്റെ നിയന്ത്രണം (റിമോട്ട് ആക്സസ്) കൈക്കലാക്കിയ തട്ടിപ്പുകാർ വായ്പത്തുക മുഴുവൻ മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റി. ഇത്തരത്തിൽ പണം പല അക്കൗണ്ടുകളിലേക്ക് മാറ്റുന്നത് വഴി തുക കണ്ടെത്തുന്നത് സങ്കീർണമാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും.

∙ പൊലീസിന്റെ പ്രധാന നിർദേശങ്ങൾ:
അപരിചിതരായ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോണിന്റെ നിയന്ത്രണം മറ്റുള്ളവർക്ക് നൽകുന്ന ഒരു ആപ്ലിക്കേഷനും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് നമ്പറുകൾ, ഒടിപി, വായ്പ വിവരങ്ങൾ എന്നിവ ആരുമായും പങ്കുവ്ക്കരുത്.

ബാങ്കുകളിൽ നിന്നെന്ന വ്യാജേനയുള്ള ഭീഷണികൾക്ക് വഴങ്ങി ധൃതിപിടിച്ച് തീരുമാനങ്ങൾ എടുക്കരുത്. സംശയമുണ്ടായാൽ ബാങ്കിന്റെ ഔദ്യോഗിക നമ്പറിലോ ശാഖയിലോ നേരിട്ട് ബന്ധപ്പെടുക. സൈബർ തട്ടിപ്പുകൾക്ക് ഇരയായാലോ സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലോ ഉടനടി ദുബായ് പൊലീസിന്റെ ‘ഇ-ക്രൈം’ (e-Crime) പോർട്ടൽ വഴിയോ 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article