എബോള ഭീതി; മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക യാത്രാ വിലക്കേർപ്പെടുത്തി യുഎഇ

malayalampress
1 Min Read

ദുബൈ: ആഗോളതലത്തിൽ ഭീതി പടർത്തുന്ന എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താൽക്കാലിക വിസ വിലക്കേർപ്പെടുത്തി യുഎഇ.

നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ICP) സംയുക്തമായാണ് അടിയന്തര മുൻകരുതൽ നടപടി പ്രഖ്യാപിച്ചത്.

വിലക്ക് നേരിടുന്ന രാജ്യങ്ങൾ

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ യുഎഇ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രധാനപ്പെട്ട നടപടികൾ

സന്ദർശന വിസകൾ അടക്കം റദ്ദാക്കി: ഈ മൂന്ന് രാജ്യങ്ങളിലെയും പൗരന്മാർക്കുള്ള സന്ദർശന വിസകൾ ഉൾപ്പെടെയുള്ള എല്ലാ പുതിയ വിസകളും താൽക്കാലികമായി നിർത്തിവച്ചു.

കണക്ടിംഗ് യാത്രക്കാർക്കും പിടിവീഴും: മറ്റ് രാജ്യങ്ങൾ വഴി യുഎഇയിലേക്ക് വരാൻ ശ്രമിക്കുന്ന ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും പ്രവേശനമുണ്ടാകില്ല.

21 ദിവസത്തെ നിബന്ധന: എന്നാൽ, യുഎഇയിൽ എത്തുന്നതിന് മുൻപ് ഈ രാജ്യങ്ങൾക്ക് പുറത്ത് തുടർച്ചയായി 21 ദിവസത്തിലധികം കഴിഞ്ഞവർക്ക് പ്രവേശനാനുമതി ലഭിക്കും.

ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുള്ള താൽക്കാലിക വിലക്ക് നാളെ ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽ വരും.

ആഗോള ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഈ നിയന്ത്രണങ്ങൾ നീട്ടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കഠിനമായ വൈറൽ പനിക്ക് കാരണമാകുന്ന എബോളയെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടി.

അതേസമയം, യാത്രക്കാർക്ക് നിയന്ത്രണമുണ്ടെങ്കിലും ഈ രാജ്യങ്ങളുമായുള്ള ചരക്കുനീക്കത്തെയും ട്രാൻസിറ്റ് വിമാന സർവീസുകളെയും പുതിയ തീരുമാനം ബാധിക്കില്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്നും യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article