‘ഇന്ത്യ’ യോഗം അടുത്താഴ്ച; വിജയ്‌യുടെ കാര്യത്തിൽ അവ്യക്തത

News Desk
1 Min Read

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കുശേഷം ‘ഇന്ത്യ’ മുന്നണിയുടെ നിർണായകയോഗം ജൂൺ എട്ടിന് ചേരും. ഡി.എം.കെ. തൃണമൂൽ കോൺഗ്രസ് പാർട്ടികൾക്ക് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സഖ്യത്തിലും വിള്ളലുണ്ട്. ഇത് പരിഹിരിച്ച് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ശ്രമം. യോഗം വിളിച്ചത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അറിയിച്ചത്.

വനിതാ സംവരണ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയബില്ലും കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യസഖ്യം ഒറ്റക്കെട്ടായെതിർത്ത് തോൽപ്പിച്ചിരുന്നു. ഇപ്പോൾ രാഷ്ടീയസാഹചര്യങ്ങളിൽ മാറ്റമുണ്ടായി. തമിഴ്‌നാട്ടിൽ ഡി.എം.കെ.യുമായുള്ള സഖ്യം അവസാനിപ്പിച്ച് വിജയ്യുടെ ടി.വി.കെ.യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിൽ ഡി.എം.കെ. യോഗത്തിൽ പങ്കെടുക്കില്ല.

ടി.വി.കെ.യെ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് കോൺഗ്രസിന് താത്പര്യമുണ്ടെങ്കിലും പൊതു അഭിപ്രായം വന്നിട്ടില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. ആം ആദ്മി പാർട്ടി ഇന്ത്യ സഖ്യവുമായി അകലത്തിലാണ്.

സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പങ്കാളിത്തത്തിലും ഉറപ്പില്ല. കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളോടും ഡി.എം.കെ.യെ മാറ്റിനിർത്തുന്നതിനോടും യോജിക്കാൻ കഴിയില്ലെന്ന് സി.പി.എം.വൃത്തങ്ങൾ പറഞ്ഞു. യോഗത്തിൽ പങ്കെടുക്കണമോയെന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നേതൃത്വം അറിയിച്ചു.

തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കും. ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയശേഷം തൃണമൂൽ നേതാക്കൾക്കും പ്രവർത്തകർക്കും നേരേ നടക്കുന്ന അക്രമം മമതാ ബാനർജി ഉയർത്തും. ബി.ജെ.പി.ക്കെതിരേ ദേശീയ തലത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മമത.

തമിഴ്നാട്ടിലെ സഖ്യത്തിൽ ഉണ്ടായിട്ടുള്ള മാറ്റംമറിച്ചിലുകളാണ് ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പിൽ പ്രശ്‌നമുണ്ടാക്കിയത്. സഖ്യത്തിലെ പ്രബലരായിരുന്ന ഡി.എം.കെ. വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാരിനെതിരേ ഐക്യത്തോടെ നിൽക്കാനുള്ള മാർഗമായിരിക്കും യോഗത്തിൽ ചർച്ച ചെയ്യുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article