അടി… തിരിച്ചടി…. ഇറാന്റെ ടെലി കമ്മ്യൂണിക്കേഷൻ ടവർ ആക്രമിച്ച് അമേരിക്ക, അമേരിക്കയുടെ വ്യോമതാവളം തകർത്ത് ഇറാൻ

malayalampress
1 Min Read

ടെഹ്റാൻ: തെക്കൻ ഹോർമുസ്ഗാൻ പ്രവിശ്യയിലുള്ള സിരിക് ദ്വീപിൽ ടെലി കമ്മ്യൂണിക്കേഷൻ ടവർ തകർത്തതിന് തിരിച്ചടിയായി അമേരിക്കയുടെ എയർ ബേസ് തകർത്തു എന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് ഏജൻസിയെ ഉദ്ധരിച്ചാണ് അനദൊലു ഏജൻസി ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിരിക് ദ്വീപിലെ ഇറാന്റെ ആശയവിനിമയ കേന്ദ്രത്തിന് നേരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം ഉപയോഗിച്ച വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് തങ്ങൾ പ്രത്യാക്രമണം നടത്തിയതെന്ന് ഐആർജിസി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ഐആർജിസിയുടെ എയറോസ്‌പേസ് ഫോഴ്‌സാണ് ഈ ദൗത്യം നിർവ്വഹിച്ചത്. അമേരിക്കയുടെ ആക്രമണം നടന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ ഈ ശക്തമായ തിരിച്ചടി നൽകിയതായും, മുൻകൂട്ടി നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും വിജയകരമായി തകർക്കാൻ തങ്ങളുടെ സേനയ്ക്ക് സാധിച്ചതായും ഇറാൻ അവകാശപ്പെട്ടു. തങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും ഇറാൻ ഇതിനൊപ്പം നൽകിയിട്ടുണ്ട്. ഇനിയൊരു ആക്രമണം ഉണ്ടായാൽ അതിനോടുള്ള പ്രതികരണം വലിപ്പത്തിലും സ്വഭാവത്തിലും തികച്ചും വ്യത്യസ്തമായിരിക്കും എന്ന് വ്യക്തമാക്കിയ ഐആർജിസി, ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘർഷാവസ്ഥയുടെയും പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഈ അവകാശവാദങ്ങളോട് അമേരിക്കൻ ഔദ്യോഗിക വക്താക്കളോ അധികൃതരോ ഉടനടി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായ ഹോർമുസ് കടലിടുക്കിന് സമീപമാണ് സിരിക് ദ്വീപ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ മേഖലയിൽ വലിയ രീതിയിലുള്ള നയതന്ത്ര-സൈനിക സംഘർഷങ്ങൾക്ക് ഈ സംഭവം കാരണമായേക്കാമെന്ന് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുമായി ചർച്ചകളിൽ നടക്കുന്നുണ്ടെന്നും ഇപ്പോൾ ആരെങ്കിലും പറയുന്ന കാര്യങ്ങളെ ഗൗരവമായി എടുക്കരുത് എന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വിശദമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!