പുതിയതായി 13 സാക്ഷികൾ; എഡിഎം നവീൻ ബാബു കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

News Desk
1 Min Read

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ റിപ്പോർട്ട് തലശ്ശേരി കോടതിയിൽ സമർപ്പിച്ചു. നവീൻ ബാബുവിൻ്റെ ഭാര്യ സമർപ്പിച്ച ഹർജിയെ തുടർന്ന് കോടതി നിർദേശിച്ച നാല് പ്രധാന കാര്യങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.

ഗൂഢാലോചന, യാത്രയയപ്പ് യോഗത്തിലെ വിവാദങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും അന്വേഷിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു.

കോടതി ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. കേസിൽ പുതിയതായി 13 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

മുഴുവൻ സിഡിആർ രേഖകളും ലഭിക്കുമോ എന്ന് ബിഎസ്എൻഎലിനോട് കോടതി ആരാഞ്ഞു. ആവശ്യപ്പെട്ട സമയത്തെ മുഴുവൻ കോൾ രേഖകളും നൽകാൻ സാധിക്കില്ലെന്ന് ബിഎസ്എൻഎൽ അറിയിച്ചതായാണ് വിവരം.

2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!