സിസിടിവി സ്ഥാപിച്ചു; സൈനിക നീക്കങ്ങൾ പാക്കിസ്ഥാന് ചോർ‍ത്തി, അറസ്റ്റ്

News Desk
1 Min Read

ന്യൂഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിൽ ചാരവൃത്തി നടത്തിയ ഒരു ശൃംഖലയെ പഞ്ചാബ് പൊലീസ് കണ്ടെത്തി. ഇന്ത്യൻ സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയതിന് ഒരാളെ അറസ്റ്റ് ചെയ്തു.

ചക് ധരിവാൾ ഗ്രാമവാസിയായ ബൽജിത് സിങ് ആണ് പിടിയിലായത്. പത്താൻകോട്ട്-ജമ്മു ദേശീയപാത 44ലെ ഒരു പാലത്തിന് സമീപമുള്ള കടയിൽ ഇയാൾ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ നിരീക്ഷിക്കാനാണ് ഇത് ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഈ ദൃശ്യങ്ങൾ പാക്കിസ്ഥാനിലും വിദേശത്തുമുള്ള ആളുകൾക്ക് ഇന്റർനെറ്റ് വഴി തത്സമയം അയച്ചുകൊടുത്തിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദൽജീന്ദർ സിങ് ധില്ലൻ വ്യക്തമാക്കി.

ജനുവരിയിൽ സുജാൻപുരിന് സമീപമുള്ള ഹൈവേയിലെ ഒരു കടയിൽ താൻ ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതായി ബൽജിത് സിങ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ദുബായിലുള്ള അപരിചിതനായ ഒരാളിൽ നിന്നും ബൽജിത് സിങിനു നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിനായി ഇയാൾക്ക് 40,000 രൂപയും ലഭിച്ചു. ഒരു സിസിടിവി ക്യാമറയും ഇന്റർനെറ്റ് വൈഫൈ റൂട്ടറും പൊലീസ് കണ്ടെടുത്തു.

സുജാൻപുർ പൊലീസ് നാല് പേർക്കെതിരെ കേസെടുത്തു. ബൽജിത് സിങിനു പുറമെ വിക്രംജിത് സിങ്, ബൽവിന്ദർ സിങ്, തരൻപ്രീത് സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ രാജ്യവിരുദ്ധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഈ ശൃംഖലയുടെ അതിർത്തി കടന്നുള്ള ബന്ധങ്ങളെക്കുറിച്ചും ഇതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുകയാണ്. ഒളിവിലുള്ള ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചിൽ തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!