പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിൻ്റെ കുടുംബം

News Desk
1 Min Read

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ പരാതിയുമായി കൊല്ലപ്പെട്ട ശരത് ലാലിൻ്റെ കുടുംബം മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കാണും.

പ്രതികളെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റണമെന്നും കൊലപാതക ഗൂഢാലോചനയിൽ പങ്കാളികളായവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തുടരന്വേഷണം വേണമെന്നും ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. ഇന്നലെയാണ് കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയും മുമ്പ് തിരക്കിട്ട് പരോൾ അനുവദിക്കുകയായിരുന്നു.

പരോൾ അനുവദിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അഞ്ച് പ്രതികൾ പുറത്തിറങ്ങി. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കാണ് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള 10 പ്രതികൾക്കും പരോൾ അനുവദിച്ചു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർ വീടുകളിലെത്തി.

രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവർ അടുത്ത ദിവസങ്ങളിൽ ജയിലിൽ നിന്ന് ഇറങ്ങും. ഇരുപത് ദിവസത്തേക്കാണ് പരോൾ. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് പരോൾ നൽകിയതെന്നും എൽ‌ഡിഎഫ് സർക്കാർ ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. മുൻപ് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നെങ്കിൽ ഇത്തവണ പരോൾ വ്യവസ്ഥയിൽ അതില്ല. പ്രതികൾ നാട്ടിലെത്തിയാൽ സംഘർഷ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് അവഗണിച്ചാണ് ജയിൽ ഉപദേശക സമിതി പ്രതികൾക്ക് അനുകൂലമായി റിപ്പോർട്ട് നൽകിയത് എന്നാണ് ആക്ഷേപം. കല്യോട്ട് മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!