തിരുവനന്തപുരം: പത്തുദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ജനകീയ തീരുമാനത്തിന് അംഗീകാരം നല്കി ഹൈക്കമാന്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ തന്നെ ഒടുവില്‍ മുഖ്യമരന്തി കസേരയേല്‍പ്പിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലെ ഒരു വിഭാഗം കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്ന് കരുതിയിരുന്നെങ്കിലും, കേരളത്തില്‍ യു.ഡി.എഫിന്റെ വമ്പിച്ച തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയില്‍ സതീശന് മുഖ്യമന്ത്രി പദത്തിലേക്ക് ഉയരുകയായിരുന്നു.
അതേസമയം അഭിഭാഷകനായും രാഷ്ട്രീയപ്രവര്‍ത്തകനായും ഇപ്പോള്‍ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയുമായ വി.ഡി. സതീശന്റെ ആസ്തി എത്രയാണെന്ന് അറിയാമോ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍, ചലിക്കുന്നതും നിശ്ചലവുമായ സ്വത്തുക്കള്‍ ഉള്‍പ്പെടെ ഏകദേശം 6 കോടി രൂപയുടെ ആസ്തിയാണ് വി.ഡി. സതീശന് വെളിപ്പെടുത്തിയിട്ടുള്ളത്. 2026-ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം സതീശനും ഭാര്യ ലക്ഷ്മിപ്രിയയ്ക്കും കൂടി ഏകദേശം 6.69 കോടി രൂപയുടെ ആസ്തിയുണ്ട്.
53.82 ലക്ഷം രൂപയുടെ സമ്പാദ്യം വി.ഡി. സതീശനും ഭാര്യയ്ക്ക് 68.45 ലക്ഷം രൂപയുടെയും ചലിക്കുന്ന ആസ്തികളുണ്ട്. ഇതില്‍ കൈവശമുള്ള പണം, ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണം, ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു. പണവും സ്വര്‍ണ്ണവുമായി സതീശന്റെ കൈവശം 64,000 രൂപ പണമായും, 25,000 രൂപയുടെ ബാങ്ക് ഓഹരികളും, 35 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. ഭാര്യയുടെ പേരില്‍ 1,128 ഗ്രാം സ്വര്‍ണ്ണമുണ്ട്. പറവൂരിലും നെട്ടൂരിലുമുള്ള ഭൂമിയും വീടും ഉള്‍പ്പെടെ സതീശന് 2.42 കോടി രൂപയുടെ നിശ്ചല ആസ്തികളുണ്ട്. ഭാര്യയ്ക്ക് പാരമ്പര്യമായി ലഭിച്ച 1.85 കോടി രൂപയുടെ ഭൂമിയുമുണ്ട്. മകളുടെ പേരില്‍ 9.61 ലക്ഷം രൂപ വിലയുള്ള ഒരു കാര്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഭവന വായ്പയും വാഹന വായ്പയും ഉള്‍പ്പെടെ സതീശന് 24 ലക്ഷം രൂപയുടെ ബാധ്യതകളുണ്ട്. ഭാര്യയ്ക്ക് 17.45 ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട്.
പത്ത് വര്‍ഷത്തിന് ശേഷം ചരിത്രപരമായ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്, 140 സീറ്റുകളില്‍ 102 എണ്ണവും നേടിയാണ് അധികാരം പിടിച്ചെടുത്തത്. എല്‍.ഡി.എഫിന് വെറും 35 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് പ്രഖ്യാപനം നീണ്ടത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
