നിയമസഭാ തിരഞ്ഞെടുപ്പ്; മുൾമുനയിൽ ബംഗാൾ, ഫലം ഉറ്റുനോക്കി രാജ്യം

News Desk
1 Min Read

കൊൽക്കത്ത: തീവ്രവും നാടകീയവുമായ രാഷ്ട്രീയപ്പോരാട്ടത്തിന് സാക്ഷ്യംവഹിച്ച പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കുന്നത് സംസ്ഥാനം മാത്രമല്ല രാജ്യം തന്നെയാണ്.

അവിശ്വാസത്തിന്റെയും സംഘർഷഭീതിയുടെയും പാരമ്യത്തിലാണ് ബംഗാൾ വോട്ടെണ്ണൽ ദിനമെത്തുന്നത്. വൻ സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾ 108-ൽ നിന്നും 77 ആയി കുറച്ചിട്ടുണ്ട്. സുരക്ഷാ വിന്യാസം കണക്കിലെടുത്ത് ജില്ലാ, താലൂക്ക് തല ആസ്ഥാനങ്ങൾമാത്രം പരിഗണിച്ചതിനാലാണിതെന്നാണ് കമ്മിഷന്റെ ന്യായം. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞത് ഫലപ്രഖ്യാപനം വൈകാൻ കാരണമാകുമോയെന്ന ആശങ്കയുണ്ട്. വോട്ടെടുപ്പ് റദ്ദാക്കിയ ഫാൽട്ട ഒഴികെയുള്ള 293 മണ്ഡലങ്ങളിലെ ഫലമാണ് തിങ്കളാഴ്ച അറിയുക.

വോട്ടെണ്ണൽ കേന്ദ്രത്തിൽ നിയോഗിക്കപ്പെടുന്നവരിൽ കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസുകളിൽ നിന്നുള്ളവർ ഉണ്ടാകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പൂർണമായും പാലിക്കണമെന്ന് സുപ്രീംകോടതി കമ്മിഷനോട് നിർദേശിച്ചിട്ടുണ്ട്.

കൗണ്ടിങ് സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരിലൊരാൾ കേന്ദ്ര സർക്കാർ ജീവനക്കാരനാവണമെന്ന് കമ്മിഷൻ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഓരോ വോട്ടെണ്ണൽ മേശയിലും മൈക്രോ ഒബ്സർവർ ആയും ഒരു കേന്ദ്രസർക്കാർ ജീവനക്കാരൻ ഉണ്ടാവും. സംസ്ഥാന ജീവനക്കാരുമുണ്ടാകും.

ആകെ 242 നിരീക്ഷകരെയാണ് കമ്മിഷൻ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 165 പേർ അധിക നിരീക്ഷകരായും 77 പേർ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷകരായും പ്രവർത്തിക്കും.

വോട്ടെണ്ണൽ കഴിഞ്ഞ് വിജയിക്കുള്ള സാക്ഷ്യപത്രം കൈമാറുന്നതുവരെ വോട്ടെണ്ണൽ കേന്ദ്രം വിട്ടുപോവരുതെന്നാണ് തൃണമൂൽ അധ്യക്ഷ മമതാ ബാനർജിയും ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ഏജന്റുമാരോട് നിർദേശിച്ചിട്ടുള്ളത്. വൈദ്യുതി പത്ത് സെക്കൻഡ് മുടങ്ങിയാൽപ്പോലും പ്രതിഷേധമറിയിക്കണമെന്നും നേരിയ ഭൂരിപക്ഷത്തിന് ബി.ജെ.പി. ജയിച്ചാൽ റീ കൗണ്ടിങ് ആവശ്യപ്പെടണമെന്നും നിർദേശമുണ്ട്. ബി.ജെ.പി.യും ഇത്തവണ സകല സന്നാഹത്തോടെയുമാണ് വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!