കേപ് വെർഡെ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ പര്യടനം നടത്തുന്ന വിനോദ സഞ്ചാര കപ്പലിൽ അപൂർവമായ വൈറസ് ബാധ കണ്ടെത്തി. കപ്പലിലുണ്ടായിരുന്ന മൂന്നുപേര്‍ മരണപ്പെട്ടതായും മൂന്ന് പേർക്ക് രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിപ്പിൽ വ്യക്തമാക്കി. ജീവികളിൽ നിന്നും പടരുന്ന അപൂര്‍വമായ ഹന്റാവൈറസ് ആണ് യാത്രികരെ ബാധിച്ചത്.
അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഡച്ച് ക്രൂയിസ് കപ്പലായ ‘എംവി ഹോണ്ടിയസിൽ’ ആണ് ആശങ്ക ഉയര്‍ത്തി വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ചവരിൽ നെതർലൻഡ്‌സ് സ്വദേശികളായ പ്രായമായ ദമ്പതികളും ഉൾപ്പെടുന്നു.
മൂന്നാഴ്ച മുമ്പ് അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പൽ അന്റാർട്ടിക്കയും ഫാൽക്ക്‌ലൻഡ് ദ്വീപുകളും സന്ദർശിച്ച് സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് നീങ്ങുന്നതിനിടെയാണ് രോഗബാധയുണ്ടായത്. ഏകദേശം 150 വിനോദസഞ്ചാരികളും 70 ജീവനക്കാരുമാണ് കപ്പലിലുള്ളത്.
കപ്പലിലെ യാത്രക്കാരനായിരുന്ന 70 വയസ്സുകാരൻ യാത്രാമധ്യേ മരണപ്പെട്ടു. സെന്റ് ഹെലീന ദ്വീപിൽ വെച്ചാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കപ്പലിൽ നിന്ന് മാറ്റിയത്. മരിച്ച വ്യക്തിയുടെ ഭാര്യ നാട്ടിലേക്ക് മടങ്ങാനായി ദക്ഷിണാഫ്രിക്കയിലെ വിമാനത്താവളത്തിൽ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയും തൊട്ടടുത്തുള്ള ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു. മൂന്നാമതൊരാൾ കൂടി കപ്പലിൽ വെച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം നിലവിൽ കേപ് വെർഡെ തീരത്തുള്ള കപ്പലിൽ തന്നെയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രണ്ട് ജീവനക്കാർക്ക് കൂടി ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ അടിയന്തര ചികിത്സയ്ക്കായി കേപ് വെർഡെയിൽ ഇറക്കാൻ അനുമതി കാത്തിരിക്കുകയാണ്. ഒരു ബ്രിട്ടീഷ് പൗരൻ നിലവിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കപ്പൽ ഇപ്പോൾ ആഫ്രിക്കൻ തീരത്തെ കേപ് വെർഡെ ദ്വീപിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ആരെയും പുറത്തിറങ്ങാൻ പ്രാദേശിക അധികൃതർ ഇതുവരെ അനുവദിച്ചിട്ടില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
