വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം; മരിച്ചത് 26കാരി

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം.

വിദേശ ജോലിക്കായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുൻപാണ് നഴ്സായ ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

വീണ്ടും രോഗലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ആണ് മരണം.

അമീബിക് മസ്തിഷ്‌കജ്വരം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍:

– നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

– നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് ക്ലിപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

– ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ഉയര്‍ത്തിവെക്കുക.

– ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി/അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

– നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ നിഷ്‌കര്‍ഷിച്ചിട്ടുള്ള തോതില്‍ ക്ലോറിനേഷന്‍ നടത്തി, ശരിയായ രീതിയില്‍ പരിപാലിക്കണം. ക്ലോറിനേഷന്‍ ചെയ്തതിന്റെ രജിസ്റ്റര്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.

– സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

– തിളപ്പിച്ച് ശുദ്ധിയാക്കാത്ത വെള്ളം ഒരു കാരണവശാലും മൂക്കില്‍ ഒഴിക്കരുത്.

– ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

– ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

– ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

– പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ ശുദ്ധീകരിച്ച ജലം ഉപയോഗിച്ച് മാത്രമേ വ്രണങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ പാടുള്ളൂ.

….

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!