ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

News Desk
1 Min Read

കൊച്ചി: ബംഗളൂരുവില്‍ മതിലിടിഞ്ഞ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം 12 മണിയോടെ നാട്ടിലെത്തിക്കും. കനത്ത വേനല്‍ മഴക്കിടെ ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരുടെ മൃതദേഹവുമായി പുറപ്പെട്ട രണ്ട് ആംബുലന്‍സുകള്‍ 12 മണിയോടെ എറണാകുളം രാമമംഗലത്ത് എത്തും.

ബംഗളുരുവിലേക്കു വിനോദയാത്ര പോയ മൂവാറ്റുപുഴയിലെ അമൃതം പൊടി നിര്‍മ്മാണ യൂണിറ്റിലെ 56 അംഗ സംഘത്തില്‍ പെട്ടവരാണ് മരിച്ചരണ്ടുപേര്‍. അപകടത്തില്‍ ആകെ ഏഴുപേരാണ് മരിച്ചത്. ബംഗളൂരു ബൗറിങ് ആശുപത്രിയുടെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. മഴ കനത്തപ്പോള്‍ മതിലിനോട് ചേര്‍ന്നുള്ള ടാര്‍പോളിന്‍ ഷീറ്റിന് കീഴില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

പര്‍ച്ചേസിംഗ് ആയി പലവഴിക്കായി തിരിഞ്ഞ വിനോദയാത്രാ സംഘം മഴ നനയാതിരിക്കാന്‍ ആണ് ആശുപത്രി കോമ്പൗണ്ടിലെ ടാര്‍പോളിന്‍ ഷീറ്റിന് താഴെ നിന്നത്. അപകട സ്ഥലം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ നല്‍കും. മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ ക്രമീകരണം ഒരുക്കി. ചികിത്സയിലുള്ളവര്‍ക്ക് ധനസഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!