ബേപ്പൂരിൽ റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായി തെരുവിലൂടെ നടക്കും: പി.വി. അൻവർ

News Desk
2 Min Read

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം നടത്തിയ അൻവർ സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ പി.എ. മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും ചോദിച്ചു.

റിയാസ് വലിയ വിജയപ്രതീക്ഷ പുലർത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നാണ് അൻവറിന്റെ പക്ഷം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകൻ മുഹമ്മദ് റിയാസ് പാർട്ടിയിൽ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകർക്കുന്നതെന്നും അൻവർ ഫറോക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിമർശിച്ചു.

ഇടതുപക്ഷത്തെ തകർക്കുന്നത് മുഹമ്മദ് റിയാസിന്റെ പാർട്ടിയിലെ അപ്രമാദിത്വമാണെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ മുഹമ്മദ് റിയാസ് ഹൈജാക്ക് ചെയ്തുവെന്നും കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഉന്നത നേതൃത്വത്തെ മുഴുവൻ ഹൈജാക്ക് ചെയ്ത്, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിൽ മാത്രമുള്ള ഒരു സംവിധാനമായി പാർട്ടിയെ മാറ്റാൻ റിയാസ് ശ്രമിച്ചുവെന്നും ഇതിന് പാർട്ടി സെക്രട്ടറി വളം വെച്ചു കൊടുത്തു എന്നും അൻവർ കുറ്റപ്പെടുത്തി.

പാർട്ടിക്കുള്ളിലെ കുടുംബാധിപത്യം കാരണം അണികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നും ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതനത്തിന്റെ പാതയിലാണെന്ന് അൻവർ മുന്നറിയിപ്പ് നൽകി.

പിണറായിയും ജനങ്ങളും തമ്മിലാണ് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. ബേപ്പൂരിൽ ബിജെപി വോട്ട് കുറയും. ഇവിടെ ബിജെപി-സിപിഎം ഡീൽ പൊളിഞ്ഞുവെന്ന് പറഞ്ഞ അൻവർ കേരളത്തിലെ ബിജെപി ലീഡർഷിപ്പ് പിണറായിക്ക് കഞ്ഞി വെച്ചു കൊടുത്തുവെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.

‘ശബരിമല തിരഞ്ഞെടുപ്പിലെ വലിയ വിഷയമായി. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഓഫീസ് പൂട്ടുന്ന തിരഞ്ഞെടുപ്പാകും ഇത്. ജനവികാരത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായിയെ എടുത്ത് കളയാൻ ജനങ്ങൾ തീരുമാനിച്ചത്. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങളുടെ കണ്ണ് കുത്തിപ്പൊട്ടിച്ച ആളാണ്. അയാൾക്ക് പൂമാല ഇട്ട് കൊടുത്തത് പിണറായി വിജയൻ ആണ്‌.’ അൻവർ പറഞ്ഞു.

യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അൻവർ അവകാശപ്പെട്ടു. മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും തന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!