കോഴിക്കോട്: ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഷാർജയിലെ ആശുപത്രിയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രതിസന്ധിയിലായ മലയാളി കുടുംബത്തിന് സഹായ ഹസ്തവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും കെഎംസിസിയും. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറായ സീമയാണ് ബന്ധുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലിനെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത് ഇത്തരം ഇടപെടലുകള്‍ വിദ്വേഷത്തിന്റെ കനലുകള്‍ ഊതിക്കെടുത്താന്‍ പര്യാപ്തമാണെന്നും അവര്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
മാനവതക്ക് മഹിമയേകുന്ന പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾക്കും കെ എം സി സി ക്കും മലയാളി അസോസിയേഷനും ഹൃദയം നിറഞ്ഞ നന്ദി…
ഞാൻ സീമ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ. എന്റെ സഹോദരീ ഭർത്താവിന്റെ അളിയൻ കാഞ്ഞങ്ങാട് അത്തിക്കോത്ത് താമസിക്കുന്ന വേണുഗോപാൽ എന്ന വേണു ഏട്ടൻ മാർച്ച് 17 നു ഷാർജയിൽ പ്രശസ്തമായ ബുർജ്ജ് ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയിൽ ആയിരുന്നു. അന്ന് മുതൽ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ MLA രാജഗോപാൽ മുഖ്യമന്ത്രിയെ കോൺടാക്ട് ചെയ്തെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല.
എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രിയിൽ വെച്ച് തന്നെ ചികിത്സ ഫലം ചെയ്യാതെ ഈ ലോകത്തോട് വിട പറഞ്ഞു. ഇൻഷൂറൻസ് കവറേജ് ഇല്ലാത്തത്തിനാൽ മൂന്ന് ലക്ഷം ദർഹം (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ)ബിൽ ആയിരുന്നു തുക അടച്ചു ബോഡി റിലീസ് ചെയ്യിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളായ ഞങ്ങൾക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോൾ രണ്ടു ലക്ഷത്തി പതിനേഴായിരം (217000) ദർഹമാക്കി കുറച്ചു തന്നുവെങ്കിലും അതും അടക്കാൻ നിർവഹമില്ലായിരുന്നു. ഞങ്ങൾ തൃക്കരിപ്പൂരിലെ സ്ഥാനാർഥിയായ ശ്രീ സന്ദീപ് വാര്യരെ ബന്ധപ്പെട്ടു. അദ്ദേഹമാണ് കെഎംസിസി യെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത്.
തദടിസ്ഥാനത്തിൽ കെഎംസിസി നേതാക്കളുമായും മുസ്‌ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി,എ കെ എം അഷ്‌റഫ് (എം എൽ എ),അബു മഹിനബാദ്,ബഷീർ വെള്ളിക്കൊത്ത്,കെ കെ ബദറുദ്ദീൻ,എം പി ജാഫർ, റമീസ് മുതലായവരുമായും മറ്റും ബന്ധപ്പെട്ടു.ബഹുമാനപ്പെട്ട സാദിഖലി തങ്ങളെക്കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവർ തങ്ങളെക്കാണാൻ അവസരമുണ്ടാക്കിത്തരികയും സ്വന്തം നിലയിൽ തങ്ങളുമായും കെഎംസിസി നേതാവ് നിസാർ തളങ്കരയുൾപ്പെടെയുള്ളവരുമായും ബന്ധപ്പെടുകയും ചെയ്തു.മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കൾ സൗകര്യപ്പെടുത്തിയതനുസരിച്ച് കുടുംബാംഗമായ ആനന്ദ് ,സുഹൃത്തുക്കളായ ധനേഷ് ഉണ്ണി പെരിയ, അനുരാജ് ആയക്കടവ്എന്നിവർ ഇന്ന് രാവിലെ തങ്ങളെ നേരിട്ട് കാണുകയും ചെയ്തു. അതിൻ പ്രകാരം തങ്ങൾ ആശുപത്രി ഉടമയായ ഷംസീർ വയലിലുമായും അപ്പോൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രാജ്യസഭ മെമ്പർ ഹാരീസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രയാസം ബോധ്യപ്പെടുത്തുകയും ഷംസീർ ഉടനെത്തന്നെ 2,17000 ദിർഹം അടക്കേണ്ടുന്ന ഹോസ്പിറ്റൽ ബില്ല് 40000 ദിർഹം മാത്രം അടച്ചു ബോഡി വിട്ടു തരാൻ തയാറാവുകയും ചെയ്തു.
സത്യത്തിൽ മനുഷ്യത്വം കാണാൻ കഴിയുന്നത് ഇവിടെയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ജനതയ്ക്ക് ആദരണീയനായ തങ്ങളുടെയും തങ്ങൾ പറഞ്ഞപ്പോൾ അരക്കോടിയോളം രൂപ ഇളവ് ചെയ്യാൻ തയാറായ ഷംസീർ വയലില്ന്റെയും മനുഷ്യത്വപൂർണ്ണമായ ഇടപെടൽ നമ്മിൽ ചിലർ സ്വാർത്ഥതക്ക് വേണ്ടി കെട്ടിയുയർത്തുന്ന ജാതി മത രാഷ്ട്രീയ സങ്കുചിതത്വത്തിന്റെ മതിലുകളെ ഭേദിക്കാനും വിതക്കുന്ന വിദ്വേഷത്തിന്റെ കനലുകൾ ഊതിക്കെടുത്താനും പര്യാപ്തമാണ്. അവരിരുവർക്കും അവരിലേക്ക് ഞങ്ങളുടെ കടനമെത്തിക്കാനും പരിശ്രമിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ കൃതജ്ഞാത രേഖപ്പെടുത്തുന്നു. മഹത്വം നിറഞ്ഞ ഈ സേവനത്തേക്കുറിച്ചുള്ള ഈ കുറിപ്പ് നമ്മിൽ ചിലരുടെ ഹൃദയത്തെ മഥിച്ച അന്ധത മാറ്റാൻ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
