കോഴിക്കോട്: കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. മലബാർ മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികളായ കൊല്ലം സ്വദേശി നന്ദകിഷോർ, കായകുളം സ്വദേശി അബിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ പോസ്റ്റിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ ഓവുചാലിലേക്കു മറിയുകയായിരുന്നു.
മൂന്നു പേരെയും പ്രദേശവാസികൾ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് രക്ഷാപ്രവർത്തനം നടത്തിയവരിൽ ചിലർ പറയുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പുലർച്ചെ 1.40 ന് ആണ് അപകടം ഉണ്ടായത്.
മൂന്നു പേരുടെ മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമിത വേഗത്തിലെത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പൊലീസ് മരിച്ചവരുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി.





