കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള ഒരു സ്‌കൂളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ രണ്ട് വിദ്യാർത്ഥിനികൾ ടവൽ ഡാൻസ് കളിച്ചതിന് പിന്നാലെ വിമർശനം ശക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശുദ്ധിയെ ചോദ്യം ചെയ്ത് നിരവധി ചോദ്യങ്ങളാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
മേരേ ഖാബോം മേം എന്ന ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വിദ്യാർത്ഥിനികൾ ഗാനരംഗത്തെ നടി കജോളിന്റെ വേഷത്തിന് സമാനമായി ടവൽ ഉപയോഗിച്ച് നൃത്തം ചെയ്തത്. എക്‌സിൽ വൈറലായ വീഡിയോക്ക് താഴെ മോശവും അശ്ലീലവുമായ നൃത്തം എന്ന കമന്റുകളാണ് കൂടുതലുമുള്ളത്.
സാംസ്‌കാരിക പരിപാടിയെന്ന പേരിൽ ഇത്തരം മോശം കാര്യങ്ങളാണ് പവിത്രമായ ഇടങ്ങളിലൊന്നായ വിദ്യാലയങ്ങളിൽ നടക്കുന്നതെന്നത് ആശങ്ക ഉണ്ടാക്കുന്നതെന്ന് ആളുകൾ പ്രതികരിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ് ഇന്നത്തെ തലമുറ വേറെ ദിശയിലേക്ക് പോകുന്നതെന്നും വീഡിയോയ്ക്ക് താഴെ അഭിപ്രായമുയരുന്നുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്‌കൂളിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത്തരം പ്രകടനങ്ങൾക്ക് അനുമതി നൽകുന്നത് സ്‌കൂൾ അധികൃതർ മതിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നതിന് തെളിവാണെന്നാണ് പരാതിയിൽ പറയുന്നത്.
ഇത് കുട്ടികളുടെ നല്ലഭാവിയെ ബാധിക്കുമെന്നും ഇതിൽ പരാമർശമുണ്ട്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്‌കൂൾ പരിപാടികളിൽ ചിത്രീകരിക്കുന്നതും ഇവ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക് മാർഗനിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.





