വിമാനത്തിൽ എയർഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയർലൈൻസ് വിമാനത്തില്‍ വച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യൻ പൗരനെതിരെ കേസെടുത്തു. മുപ്പത്തിയാറുകാരനായ ആകാശ് തിവാരി എന്ന ആൾക്കെതിരെയാണ് സിംഗപ്പൂർ പൊലീസ് കേസെടുത്തത്. ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഇയാൾ ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. 

വിമാനത്തിൽ വച്ചു പ്രതി, തന്റെ ശരീരഭാഗങ്ങൾ ഉപയോഗിച്ച് യുവതിയുടെ പിൻഭാഗത്ത് മനഃപൂർവം സ്പർശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ  ഇയാൾ യുവതിയെ പിന്തുടർന്നു.

യുവതി ബഹളം വച്ചിട്ടും ഇയാൾ ഉപദ്രവം തുടർന്നെന്നും സിംഗപ്പൂർ പൊലീസ് പറുന്നു. യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോർട്ട് ചെയ്തതോടെയാണ് സിംഗപ്പൂർ പൊലീസ് കേസെടുത്തത്.വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ലാൻഡ് ചെയ്തതോടെ ആകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്.