വാരണാസി: ഗംഗാനദി തീരത്ത് ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ച യുവാക്കളെ യുപി പൊലിസ് അറസ്റ്റ് ചെയ്തു. വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം. മതവികാരം വ്രണപ്പെട്ടെന്ന പരതായുടെ അടിസ്ഥാനത്തിലാണ് 14 യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തത്.
ലല്ലപുര സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളാണ് യുവാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കാന്‍ മനപൂര്‍വം ശ്രമം നടത്തിയെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലിസ് സുരക്ഷ ശക്തമാക്കി.
അതേസമയം പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്നും ഇഫ്താര്‍ സമയത്ത് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നും യുവാക്കളുടെ ബന്ധുക്കള്‍ വ്യക്തമാക്കി.





