ടെഹ്റാൻ/വാഷിങ്ടൺ: ഇറാന്റെ ദേശീയ സുരക്ഷാമേധാവി അലി ലാരീജാനി (67) ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ‘ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ജീവിതം മുഴുവൻ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി, സത്യത്തിന്റെ വിളിക്ക് ഉത്തരം നൽകി.
അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’– സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തു.
അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ടത് ഇറാൻ സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇറാനിലെ ബുഷെഹർ ആണവ നിലയത്തിനു സമീപം മിസൈൽ പതിച്ചു. എന്നാൽ ആർക്കും ജീവഹാനിയോ ആണവ നിലയത്തിന് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ പബ്ലിക് ഡിപ്ലോമസി ആൻഡ് ഇൻഫർമേഷൻ സെന്റർ അറിയിച്ചതായി ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെ സെന്റർ അപലപിക്കുകയും ചെയ്തു. ഇറാന്റെ ആദ്യ ആണവ നിലയമായ ബുഷെഹർ 2011ലാണ് പ്രവർത്തനം ആരംഭിച്ചത്.





