“കൊലപാതകം നടന്നത് ഇറാനിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നിലപാട്”; നിമിഷപ്രിയക്കേസിൽ വീണ്ടും തലാലിന്റെ സഹോദരൻ

0
17

സന: നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്‌ദുൾ ഫത്താഹ് മഹ്ദി. കൊലപാതകം നടന്നത് ഇറാനിൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് മഹ്ദി ചോദിച്ചത്. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവച്ചുകൊണ്ടാണ് മഹ്ദി ഫെയ്സ്‌ബുക് പോസ്റ്റിട്ടിരിക്കുന്നത്.

വധശിക്ഷയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് കാണിച്ച് നേരത്തെയും തലാൽ പോസ്റ്റിട്ടിരുന്നു. ‘ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രമാണ്, അത് വധശിക്ഷ മാത്രമാണ്. നിർഭാഗ്യവശാൽ ഇപ്പോൾ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചു. ഏതെങ്കിലും രൂപത്തിലും ഭാവത്തിലുമുള്ള എല്ലാ തരം അനുരഞ്ജന ശ്രമത്തോടും ഞങ്ങൾ പൂർണ്ണമായും വിയോജിക്കുന്നു. വധശിക്ഷ തീയതി നിശ്ചയിച്ചതിന് ശേഷമുള്ള കാലം മുമ്പത്തേക്കാൾ ബുദ്ധിമുട്ടാണ്. വധശിക്ഷ നടപ്പാക്കുന്നത് വരെ ഞങ്ങൾ ഈ കേസിനെ പിന്തുടരും’ 

‘കാലതാമസം ഈ കേസിനെ ഇല്ലാതാക്കില്ല. സമ്മർദ്ദം ഞങ്ങളെ പ്രലോഭിപ്പിക്കില്ല. രക്തം വാങ്ങാൻ കഴിയില്ല. സത്യം മരിക്കില്ല. എത്ര സമയമെടുത്താലും പ്രതികാരം നടപ്പാക്കും. ഇപ്പോഴത്തെ അവസ്ഥ എന്നത് സമയത്തിന്റെ കാര്യം മാത്രമാണ്. അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിൽനിന്ന് ഞങ്ങൾ ഒരു പടി മാത്രം അകലെയാണ്. ദീർഘനാളായി കാത്തിരുന്ന ആ നിമിഷത്തിനായി അക്ഷമയോടെയും ക്ഷമയോടെയും ഞങ്ങൾ കാത്തിരിക്കുന്നു’  – ഇങ്ങനെയായിരുന്നു മഹ്ദിയുടെ കുറിപ്പ്.

∙ കേസിന്റെ നാൾവഴികൾ
2017 ജൂലൈയിൽ തലാൽ കൊല്ലപ്പെട്ടതോടെ അറസ്റ്റിലായ നിമിഷപ്രിയയ്ക്ക് 2020 ലാണ് യെമൻ കോടതി വധശിക്ഷ വിധിച്ചത്. 2023 ൽ ഹൂതി സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിമിഷപ്രിയയ്ക്ക് ജാമ്യം നിഷേധിച്ചുവെന്ന് മാത്രമല്ല ശിക്ഷ സ്ഥിരീകരിക്കുകയും ചെയ്തു.

വിധിക്കെതിരെ നിമിഷപ്രിയ കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ അപ്പീൽ നിരസിച്ചു. എന്നാൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നൽകാനും ദയാധനം സ്വീകരിക്കാനും തയാറായാൽ വധശിക്ഷ ഒഴിവാക്കാമെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് കുടുംബവുമായി രമ്യതയിലെത്താനുള്ള ശ്രമം തുടങ്ങിയത്. 2024 ഡിസംബറിലാണ് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി നൽകിയത്.

∙ വധശിക്ഷക്ക് പിന്നിൽ
വർഷങ്ങളായി യെമനിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു നിമിഷപ്രിയ. 2014 ൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ടോമി തോമസും മകൾ മിഷേലും ഇന്ത്യയിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. പുതിയ വീസകൾ അനുവദിക്കാത്തതിനെ തുടർന്ന് നിമിഷപ്രിയയുടെ ഭർത്താവിനും കുടുംബത്തിനും യെമനിലേക്ക് തിരികെ മടങ്ങാനും കഴിഞ്ഞില്ല. 2015 ലാണ് യെമനി പൗരനായ തലാൽ അബ്ദോ മഹ്ദിയുമായി ചേർന്ന് നിമിഷപ്രിയ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനുള്ള ശ്രമം നടത്തിയത്. യെമനിലെ നിയമപ്രകാരം സ്വദേശികൾക്ക് മാത്രമേ സ്വന്തമായി സ്ഥാപനം തുടങ്ങാൻ അനുമതിയുള്ളൂ എന്നതിനെ തുടർന്നാണ് തലാലുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചത്.

ഭർത്താവ് നാട്ടിലേക്ക് മടങ്ങിയതോടെ തലാലിന്റെ സ്വഭാവത്തിൽ മാറ്റം വരുകയും തന്നെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചിരുന്നതായും നിമിഷപ്രിയ പറയുന്നു. നാട്ടിലേക്ക് രക്ഷപ്പെടാതിരിക്കാൻ പാസ്പോർട്ടും പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് നേരത്തെ നിമിഷപ്രിയ വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയുടെ പരാതിയിൽ തലാൽ കുറച്ചുനാൾ ജയിലിനുള്ളിലായിരുന്നു.

എന്നാൽ മടങ്ങി വന്നതിന് ശേഷം ഉപദ്രവം കൂടിയതോടെ തലാലിനെ മയക്കി കിടത്തിയ ശേഷം പാസ്പോർട്ടുമായി രക്ഷപ്പെടാനുള്ള നിമിഷപ്രിയയുെട ശ്രമമാണ് കോടതിയിലേക്ക് എത്തിച്ചത്. മയക്കാനായി അമിത ഡോസ് കുത്തിവച്ചതാണ് തലാലിന്റെ മരണത്തിന് കാരണമായത്. 2017 ജൂലൈയിലാണ് തലാലിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.