- മണിക്കൂറുകൾക്ക് ശേഷം വൈകീട്ട് അഞ്ചരയോടെയാണ് വൈദ്യുതി തിരിച്ചെത്തിയത്
- വൈദ്യുതി മുടക്കത്തിൽ കമ്പനി ക്ഷമാപണം നടത്തി
ദമാം: കനത്ത മഴയെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി. ഉച്ചക്ക് രണ്ട് മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. വിവിധ ഭാഗങ്ങളിൽ കനത്ത മഴയും പെയ്തതിന് പുറമെ വൈദ്യുതി മുടക്കവും ഉണ്ടായതോടെ ജന ജീവിതം ദുസ്സഹമായി. മണിക്കൂറുകൾക്ക് ശേഷം വൈകീട്ട് അഞ്ചരയോടെയാണ് വൈദ്യുതി തിരിച്ചെത്തിയത്. സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളെ തുടർന്നാണ് ഈ സമയത്തിനുള്ളിലെങ്കിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായത്. വൈദ്യുതി മുടങ്ങിയത് ഇൻഡസ്ട്രിയൽ സിറ്റിയെയും വിവിധ പ്ലാന്റിയും ബാധിച്ചു.
വൈദ്യുതി നിലയങ്ങളിലേക്ക് ആവശ്യമായ ഗ്യാസ് ലൈനിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് വിവിധ വൈദ്യുതി പ്ലാന്റുകളും പ്രവർത്തന രഹിതമായതാണ് വൈദ്യുതി തടസം ഉണ്ടാകാൻ കാരണം. വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഗ്യാസ് നൽകുന്ന സഊദി അരാംകോയുടെ ഗ്യാസ് പ്ലാന്റിലെ പ്രശ്ങ്ങളെ തുടർന്ന് ഗ്യാസ് ലഭ്യത കുറഞ്ഞതിനെ തുടർന്ന് ഒട്ടു മിക്ക വൈദ്യുത പ്ലാന്റുകളും പ്രവർത്തന രഹിതമായി. ചില പ്ലാന്റുകളുടെ പ്രവർത്തനം ഭാഗികമായും തടസപ്പെട്ടെങ്കിലും മറ്റു ചിലത് പ്രവർത്തനം തുടർന്നത് നേരിയ ആശ്വാസമെങ്കിലും ലഭിക്കാനിടയായി.
മണിക്കൂറുകൾ വൈദ്യുതി നിലച്ചതോടെ ജുബൈൽ വ്യാവസായിക നഗരി ഉൾപ്പെടെയുള്ള വിവിധ പ്രദേശസങ്ങളിൽ ജന ജീവിതം ദുസ്സഹമായി. വൈകുന്നേരത്തോടെ മാനം ശക്തമായ മഴക്കാർ മൂലം മൂടിക്കെട്ടിയതോടെ ഇരുട്ട് പരന്ന പ്രതീതി ഉയര്ന്നതോടെ രാത്രി പ്രതീതി സൃഷ്ടിച്ചു. വീടുകയിളും മറ്റും മൊബൈൽ വെളിച്ചത്തിലും മറ്റുമാണ് ഈ സമയങ്ങളിൽ കുടുംബങ്ങൾ കഴിഞ്ഞു കൂടിയത്. ഇരുട്ട് പരന്നതോടെ പലരും മെഴുകിതിരിക്കായി അടുത്തുള്ള കടകളിലേക്ക് പാഞ്ഞെങ്കിലും പലയിടങ്ങളിലും ഇത് ലഭ്യമായിരുന്നില്ല. കച്ചവട കേന്ദ്രങ്ങളിൽ പലതും നേരത്തെ തന്നെ അടച്ചു പൂട്ടുകയും ഹോട്ടലുകൾ പോലെയുള്ള ചില കച്ചവട കേന്ദ്രങ്ങൾ മെഴുകുതിരി വെട്ടത്തിൽ പ്രവർത്തനം ഭാഗികമായെങ്കിലും തുടർന്നു. ടെല്ലറുകൾ പ്രവർത്തന രഹിതമായതും കടകളിലെ POS മെഷീനുകൾ പ്രവർത്തന രഹിതമായതും ആളുകളെ ബുദ്ധിമുട്ടിലാക്കി. വൈകീട്ട് ചില മേഖലകളിൽ മൊബൈൽ നെറ്റവർക്ക് നഷ്ടപ്പെടാനും ഇടയാക്കിയിരുന്നു. പ്രതിസന്ധി കൂടുമെന്ന കണക്ക് കൂട്ടലിൽ കഴിയുന്നതിനിടെ വൈകീട് അഞ്ചരയോടെ വൈദ്യുതി തിരിച്ചെത്തിയത് എവർക്കും ആശ്വാസമായി.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ വൈദ്യുതി തടസ്സം പരിഹരിച്ചതായി സഊദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. പ്രശ്ങ്ങൾ പരിഹരിക്കുന്നതിനായി സാങ്കേതിക സംഘങ്ങൾ മേഖലയിൽ തുടരുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വൈദ്യുതി മുടക്കത്തിൽ കമ്പനി ക്ഷമാപണം നടത്തി. കിഴക്കൻ പ്രവിശ്യയിലെ സേവന തടസ്സം ബാധിച്ച 50% ത്തിലധികം വരിക്കാരുടെ വൈദ്യുതി സേവനം പുനഃസ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി വരിക്കാരെ അറിയിക്കുമെന്നും 933 എന്ന കേന്ദ്രീയ ഉപഭോക്തൃ സേവന കേന്ദ്രം വഴിയോ വൈദ്യുതി ആപ്ലിക്കേഷൻ വഴിയോ നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു.





