‘ഭക്ഷണം പാഴാക്കരുത്’; സന്ദേശവുമായി മൂന്നാം ക്ലാസുകാരൻ: കുറിപ്പ് പങ്കുവച്ച് മന്ത്രി വി ശിവൻകുട്ടി

0
9

തിരുവനന്തപുരം: ഭക്ഷണം ഒരിക്കലും പാഴാക്കരുത് എന്ന സന്ദേശവുമായി ഒരു കുഞ്ഞുകൂട്ടുകാരന്റെ കുറിപ്പ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വൈറലാണ്. ഗാസയിലും ഉക്രെയിനിലും ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന ഒരുപാടു കുട്ടികൾ ഉണ്ടെന്നും ആഹാരം അമൂല്യമാണെന്നും കുറിപ്പിലുണ്ട്. തലശ്ശേരി ഒ ചന്തുമേനോൻ സ്കൂളിലെ മൂന്നാം ക്ലാസുകാരനായ അൻവിൻ വിജേഷ് ആണ് ക്ലാസിലെ റിവിഷൻ സെക്ഷനിൽ ഇത്തരത്തിൽ ഉത്തരമെഴുതിയത്.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. നമ്മൾ നിസ്സാരമായി കളയുന്ന ഓരോ വറ്റും മറ്റൊരാളുടെ വലിയ വിശപ്പായിരുന്നിരിക്കാമെന്നും, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നുമുള്ള വലിയ സത്യമാണ് അൻവിൻ തന്റെ വരികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് മന്ത്രി പോസ്റ്റിൽ കുറിച്ചു.

അൻവിൻ വിജേഷിന്റെ കുറിപ്പ്

ഭക്ഷണം ഒരിക്കലും പാഴാക്കരുത്

അങ്ങ് ​ഗാസയിലും ഉക്രെയിനിലും ഒക്കെ ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന ഒരുപാടു കുട്ടികൾ ഉണ്ട്. നിങ്ങൾ ചാടുന്ന ഓരോ വറ്റിനും ഒരു ജീവന്റെ വിലയുണ്ട്. ആഹാരം അമൂല്യമാണ്. അതുവലിച്ചെറിയേണ്ട സാധനമല്ല.

വി ശിവൻകുട്ടിയുടെ കുറിപ്പ്

വിശപ്പിന്റെ വിലയറിയുന്ന കുഞ്ഞു മനസ്സ്; അൻവിന് അഭിനന്ദനങ്ങൾ

തലശ്ശേരി ഒ ചന്തുമേനോൻ സ്കൂളിലെ മൂന്നാം ക്ലാസുകാരനായ അൻവിൻ വിജേഷ് എന്ന മിടുക്കൻ എഴുതിയ വരികൾ ഇന്ന് ഹൃദയത്തിൽ തൊടുകയാണ്. “ഭക്ഷണം പാഴാക്കരുത്” എന്ന് നമ്മൾ മുതിർന്നവർ കുട്ടികൾക്ക് ഉപദേശമായി നൽകാറുണ്ടെങ്കിലും, ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ വിശപ്പിന്റെ അർത്ഥമെന്താണെന്ന് കുഞ്ഞു വിരലുകൾ കൊണ്ട് അവൻ മനോഹരമായി അടയാളപ്പെടുത്തിയിരിക്കുന്നു.

നമ്മൾ നിസ്സാരമായി കളയുന്ന ഓരോ വറ്റും മറ്റൊരാളുടെ വലിയ വിശപ്പായിരുന്നിരിക്കാമെന്നും, അതിന് ഒരു ജീവന്റെ വിലയുണ്ടെന്നുമുള്ള വലിയ സത്യമാണ് അൻവിൻ തന്റെ വരികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നത്.

ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന പ്രായത്തിൽ, വിശപ്പിനെക്കുറിച്ചും ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചും ഒരു വലിയ ലോകത്തിന്റെ സങ്കടത്തെക്കുറിച്ചും ഇത്രയും ആഴത്തിൽ ചിന്തിച്ച അൻവിൻ വിജേഷിന് എല്ലാവിധ അഭിനന്ദനങ്ങളും സ്നേഹവും നേരുന്നു. ഈ കുഞ്ഞു വരികൾ നമുക്കെല്ലാവർക്കും ഒരു വലിയ പാഠമാണ്.

മികച്ച ചിന്തകളുമായി അൻവിൻ ഇനിയും ഒരുപാട് എഴുതട്ടെ… ആശംസകൾ..