കാണാനും കേള്‍ക്കാനും എത്തിയവരുടെ സുരക്ഷ ഉറപ്പാക്കി, ഡിഎംകെയെ കടന്നാക്രമിച്ച് വിജയിയുടെ ഈറോഡ് പൊതുയോഗം

0
17

ചെന്നൈ: കാണാനും കേള്‍ക്കാനും എത്തിയവരുടെ സുരക്ഷ ഉറപ്പാക്കിയും ഡിഎംകെയെ കടന്നാക്രമിച്ചും വിജയിയുടെ ഈറോഡ് പൊതുയോഗം. കരൂര്‍ ദുരന്തത്തിനു ശേഷം ടിവികെയുടെ ആദ്യ പൊതുയോഗമാണ് ഇന്ന് ഈറോഡില്‍ നടന്നത്. സെപ്റ്റംബര്‍ 27 ന് കരൂരിലെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തില്‍ 41 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

വൻ സുരക്ഷാക്രമീകരണങ്ങളാണ് ഈറോഡില്‍ പൊതുയോഗം നടക്കുന്ന പ്രദേശത്ത് വിന്യസിച്ചത്. ഡിഎംകെയേയും സ്റ്റാലിനേയും കടന്നാക്രമിച്ചായിരുന്നു വിജയിയുടെ പ്രസംഗം മുഴുവനും. ഡിഎംകെയുടേത് ദുഷിച്ച രാഷ്ട്രീയം, ഡിഎംകെ വിശുദ്ധം എന്നായിരുന്നു പ്രസംഗത്തില്‍ വിജയ് പറഞ്ഞത്.

വിജയിയെയും ടിവികെയേയും എങ്ങനെ ഇല്ലാതാക്കാമെന്നാണ് ഓരോ ദിവസവും ഡിഎംകെ ചിന്തിക്കുന്നത്. ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എണ്ണിപറഞ്ഞ് ഒന്നും പാലിക്കപ്പെട്ടില്ലെന്ന് വിമര്‍ശിച്ച വിജയ് ഡിഎംകെയെ പിശാചെന്നാണ് വിശേഷിപ്പിച്ചത്. പതിനായിരങ്ങളാണ് ഈ റോഡ് നടന്ന റാലിയില്‍ പങ്കെടുത്തത്.

എഐഡിഎംകെയില്‍ നിന്നും ടിവികെയിലെത്തിയ മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന്റെ നാടായ വിജയമാമംഗലത്തിനോട് ചേര്‍ന്നായിരുന്നു പൊതുയോഗം. സെങ്കോട്ടയ്യന്റെ വരവ് നല്‍കിയ ആത്മവിശ്വാസവും ടിവികെയുടെ ശക്തിപ്രകടനവും കൂടിയാണ് ഇന്ന് തമിഴ്‌നാട് കണ്ടത്.

പ്രസംഗം അവസാനിപ്പിച്ചതിനു ശേഷം എല്ലാവരോടും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ടിവികെ നേതാവിന്റെ അഭ്യര്‍ത്ഥന.
കരൂര്‍ ദുരന്തത്തിന്റെ അനുഭവത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ടിവികെ ഈറോഡില്‍ ഒരുക്കിയത്. സുരക്ഷയ്ക്കും നിരീക്ഷണങ്ങള്‍ക്കുമായി 40 സിസിടിവി ക്യാമറകളും നാല്‍പ്പത് വാക്കി-ടാക്കികളും സ്ഥാപിച്ചും. അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനായി 24 ആംബുലന്‍സുകളും 72 ഡോക്ടര്‍മാരും 120 നഴ്സുമാരേയും വിന്യസിച്ചു.

20 ടാങ്കുകളില്‍ കുടിവെള്ളം സംഭരിച്ച് കുപ്പികളിലാക്കി വിതരണം ചെയ്തു. 20 സ്ഥലങ്ങളില്‍ ടോയ്ലറ്റ് സൗകര്യങ്ങളും മൂന്ന് ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ വേദിയില്‍ നിലയുറപ്പിച്ചു. ഏകദേശം 10,000 പാര്‍ട്ടി കേഡര്‍മാരും 25,000 പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടല്‍. പൊതു യോഗത്തിനുശേഷം സുഗമമായ പിരിഞ്ഞുപോകല്‍ ഉറപ്പാക്കാന്‍ 14 എക്‌സിറ്റ് റൂട്ടുകള്‍ ക്രമീകരിച്ചിരുന്നു.