ഇസ്റാഈലിന്റെ അയൺ ഡോം മിസൈലുകൾ ഒരാഴ്ചക്കുള്ളിൽ തീരുമെന്ന് റിപ്പോർട്ട്

0
102

തെൽ അവീവ്: ഇസ്റാഈലിന്റെ അയൺ ഡോം മിസൈലുകൾ തീരുന്നു. ഒരാഴ്ചക്കുള്ളിൽ പ്രതിരോധ മിസൈലുകൾ തീരുമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം യുഎസിനും ബോധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തടയാൻ ബദൽ മാർഗം തേടുകയാണ് ഇസ്റാഈൽ. പ്രതിസന്ധി മറികടക്കാൻ ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനം തകർക്കാൻ ഇസ്റാഈൽ വ്യോമാക്രമണം ശക്തമാക്കിയേക്കും. ഇസ്റാഈലിന് മുന്നിൽ ഇപ്പോൾ ഉള്ള പ്രധാനമാർഗ്ഗം അതാണ്.

ഇറാൻ- ഇസ്റാഈൽ സംഘർഷത്തിൽ യുഎസും സജീവമായി ഇടപെടുമെന്നാണ് പുതിയ വിവരം. നേരിട്ട് യുദ്ധത്തിനിറങ്ങാൻ ട്രംപ് ഭരണകൂടത്തിന് മേൽ സയണിസ്റ്റ് ലോബി സമ്മർദം ശക്തമാക്കുന്നുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ അനുകൂലമായ സമയമാണ് ഇതെന്നാണ് ഇസ്റാഈൽ വിലയിരുത്തൽ. ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രായേലുമായി കൈകോർക്കാൻ ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഫോർദോ യുറേനിയം സമ്പുഷ്ടീകരണ ഭൂഗർഭ ആണവനിലയ കേന്ദ്രം തകർക്കലാണ് ഇതിൽ പ്രധാനമെന്ന് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖാംനഈ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപ് ദേശസുരക്ഷ സംഘവുമായി ചർച്ച നടത്തി.

യു.എസ് മേഖലയിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങൾ അയക്കുകയും ചെയ്തു. ഇറാൻ-ഇസ്റാഈൽ സംഘർഷത്തിന് ഉടൻ പരിഹാരം കാണണമെന്നും മധ്യസ്ഥതക്കായി സഹായിക്കാമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.