തെഹ്റാൻ: ഇസ്റാഈലും ഇറാനും തമ്മിലുള്ള ആക്രമണം ആറാം ദിവസവും തുടരുന്നു. ഇസ്റാഈലിനെതിരെ പന്ത്രണ്ടാമത് റൗണ്ട് ആക്രമണത്തിൽ ഇന്ന് രാത്രി ഇറാൻ ദീർഘദൂര മിസൈലായ ‘സിജ്ജീൽ’ പ്രയോഗിച്ചുവെന്ന് ഇറാൻ അറിയിച്ചു. എന്നാൽ, ഈ ആക്രണത്തിന്റെ ആഘാതം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇസ്റാഈൽ കടുത്ത രീതിയിൽ ഇറാനെ ആക്രമിക്കുന്നുണ്ട്.
ഇസ്റാഈൽ ആക്രമണത്തിൽ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ ഇതുവരെ 400 മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളുമാണ് തൊടുത്തത്. ഇസ്റാഈലിൽ 24 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയുംചെയ്തു.
തെഹ്റാനിലെ യുറേനിയം സെൻട്രിഫ്യൂജ് കേന്ദ്രവും മിസൈലിന്റെ ഘടകങ്ങൾ നിർമിക്കുന്ന കേന്ദ്രവും ആക്രമണത്തിൽ തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. 10 മിസൈലുകളും തകർത്തു. പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രങ്ങളും ആക്രമിച്ചു. തെഹ്റാനിൽ ബുധനാഴ്ച പുലർച്ച ശക്തമായ സ്ഫോടനമുണ്ടാായി.
സിജ്ജീൽ മിസൈൽ
ഇറാൻ സ്വന്തമായി രൂപകൽപന ചെയ്ത് നിർമിച്ച സോളിഡ്-പ്രൊപല്ലന്റ്, മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആണ് സിജ്ജീൽ എന്ന് യുഎസ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിസൈൽ ഡിഫൻസ് പ്രോജക്റ്റ് പറയുന്നു. 18 മീറ്റർ (59 അടി) നീളമുള്ള ഈ മിസൈലിന് 2,000 കിലോമീറ്റർ ദൂരപരിധിയുണ്ട്. ഏകദേശം 700 കിലോഗ്രാം (1,543 പൗണ്ട്) ഭാരം വഹിക്കാൻ കഴിയും.
അതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്റാഈലുമായി ആക്രമണം കനക്കുന്നതിനിടെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഈയാണ് ഇറാന്റെ നിലപാട് തുറന്നുപറഞ്ഞത്. ‘ബോധമുള്ള ആരും ഈ ഭാഷയിൽ ഇറാനോട് സംസാരിക്കില്ല. ഇറാൻ ആർക്കു മുന്നിലും കീഴടങ്ങില്ല. ഭീഷണിയുടെ സ്വരവുമായി ഇങ്ങോട്ട് വരേണ്ട. അമേരിക്ക സൈനികമായി ഇടപെട്ടാൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക’ -വിഡിയോയിലൂടെ രാജ്യത്തെ അഭിസംബോധനചെയ്ത ഖാംനഈ മുന്നറിയിപ്പ് നൽകി.