സംസ്ഥാന പോലീസ് മേധാവി സാധ്യതാ പട്ടിക: 2 ഡിജിപിമാർ സ്വയം ഒഴിവാകാൻ സമ്മർദതന്ത്രവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കായി സർക്കാർ അയച്ച പട്ടികയിലുള്ള ഉദ്യോഗസ്ഥരോടു സ്വയം ഒഴിവാകണമെന്ന സർക്കാരിന്റെ  ആവശ്യം സമ്മർദത്തിനു വഴി മാറുന്നു. ദൂതന്മാർ വഴി വീണ്ടും ഇക്കാര്യം അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണു വിവരം.

കേന്ദ്രത്തിനു സമർപ്പിച്ച ആറംഗ പട്ടികയിലുള്ള 2 ഡിജിപിമാരോട് ഇക്കാര്യം ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവാഡ ചന്ദ്രശേഖറോടും അഗ്നിരക്ഷാസേനാ മേധാവി യോഗേഷ് ഗുപ്തയോടുമാണ് ആവശ്യം ഉന്നയിച്ചത്.

കേന്ദ്ര അന്വേഷണ ഏജൻസികളിലെ നിയമനത്തിനുള്ള പാനലിലേക്കു യോഗേഷ് ഗുപ്തയെ പരിഗണിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയ സാഹചര്യത്തിലാണ് അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് അറിയുന്നു. സമ്മർദതന്ത്രത്തിന്റെ ഭാഗമായി, യോഗേഷ് ഗുപ്തയുടെ വിജിലൻസ് വിവരങ്ങൾ സംബന്ധിച്ചു കേന്ദ്രത്തിനു നൽകേണ്ട വസ്തുത റിപ്പോർട്ട് ഇനിയും സംസ്ഥാനം നൽകിയിട്ടില്ല.

ചീഫ് സെക്രട്ടറിയുടെ ഓഫിസിൽനിന്നു മുഖ്യമന്ത്രിക്കും തിരിച്ച് ആഭ്യന്തര സെക്രട്ടറിക്കും പിന്നീട് ഇന്നലെ വീണ്ടും മുഖ്യമന്ത്രിക്കും ഫയൽ നീക്കങ്ങൾ നടത്തിയാണു സമ്മർദതന്ത്രം. സർക്കാരിനു താൽപര്യമുള്ളവർ പട്ടികയിലെ ആദ്യ 3 പേരിൽ വരാനാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള ഡിജിപിമാരെ പിന്തിരിപ്പിക്കാനുള്ള നീക്കം. യോഗേഷ് ഗുപ്തയുടെ വസ്തുതാറിപ്പോർട്ട് വൈകുന്നതിന്റെ കാരണം കേന്ദ്രവും ആരാഞ്ഞിട്ടുണ്ട്.