അമേരിക്കയിൽ വിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിക്കുന്ന സമയത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളറിലെ സംഭാഷണങ്ങൾ പുറത്ത്. അപകടത്തിന് കഷ്ടി 30 സെക്കന്‍ഡ് മുമ്പാണ് സംഭാഷണങ്ങൾ ആരംഭിക്കുന്നത്. റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിൽ നിന്ന് ഹെലികോപ്ടറിലേക്ക് ആദ്യം ഒരു സന്ദേശം പോയി: ‘പാറ്റ് 25, നിങ്ങൾ സിആർജെ (യാത്രാവിമാനം) കാണുന്നുണ്ടോ?’. ഉടനെ മറ്റൊരു അറിയിപ്പ്: ‘പാറ്റ് 25 സിആർജെയുടെ പിന്നില്‍ പോകുന്നു.’
എന്നാൽ, ഹെലികോപ്ടറില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. നിമിഷങ്ങള്‍ക്കകം വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ചു. ‘ക്രാഷ്, ക്രാഷ്, ക്രാഷ്, ഇത് മൂന്നാം അലര്‍ട്ട്’ ആണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം. സംഭവം നിരീക്ഷിച്ച മറ്റൊരു പൈലറ്റ് റേഡിയോയിലൂടെ അടിയന്തര കോള്‍ നടത്തി ഇങ്ങനെ ചോദിച്ചു: ‘ടവര്‍, നിങ്ങള്‍ അത് കണ്ടോ?’. ഇന്‍- ഫ്ലൈറ്റ് റെക്കോര്‍ഡിങിനുള്ള ശേഖരമായ LiveATC.net-ല്‍ നിന്നുള്ള ഓഡിയോയാണ് പ്രചരിക്കുന്നത്.
സൈനിക ഹെലികോപ്ടറിന്റെ ക്രൂ അംഗങ്ങള്‍ തമ്മിലുള്ള അന്തിമ ആശയവിനിമയങ്ങളും ഇതിലുണ്ട്. വാഷിങ്ടണ്‍ ഡിസിയില്‍ പ്രാദേശിക സമയം 2ഓടെയായിരുന്നു അപകടം. ലാന്‍ഡ് ചെയ്യാനായി എത്തുന്നതിനിടെ യാത്രാവിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.





