മുരളീധരന്‍ വയനാട്ടിലേക്കെത്തുമോ? ആവശ്യം ശക്തം

0
1455

കോഴിക്കോട്: തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്.

വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ആദ്യം പിന്തുണയ്ക്കുക കോഴിക്കോട് ജില്ലാകമ്മിറ്റി ആയിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. മുരളീധരന്റെ സേവനം പാര്‍ട്ടിക്കും മുന്നണിക്കും ആവശ്യമുണ്ടെന്നും മുരളീധരന് ഉന്നത പദവി നല്‍കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപിയുടെ ജയം. തൃശ്ശൂരില്‍ കഴിഞ്ഞ തവണ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. ഇക്കുറി മുരളീധരന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 86959 കുറവ് വോട്ടാണ് ലഭിച്ചത്.

മുരളീധരന്‍ മണ്ഡലത്തില്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും മുരളീധരന്‍ തൃശ്ശൂരില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനുള്ളില്‍ വരുംനാളുകളില്‍ ഏറെ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും.

സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ചടുല നീക്കത്തിലാണ് വടകരയിലെ സിറ്റിങ്ങ് എംപിയായ മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനെത്തുന്നത്. എന്നാല്‍, വടകരയിലായായിരുന്നെങ്കില്‍ മുരളീധരന്‍ വിജയം ഉറപ്പായിരുന്നുവെന്നാണ് നേതൃത്വത്തിലെ ചിലര്‍തന്നെ ഇപ്പോള്‍ പറയുന്നത്.

ഇനി മത്സരിക്കാനില്ലെന്നും പൊതുരംഗത്തുനിന്നും കുറച്ചുകാലം വിട്ടുനില്‍ക്കുകയാണെന്നുമാണ് പരാജയത്തിന് ശേഷം മുരളിയുടെ പ്രതികരണം. എന്നാല്‍, എന്തുവിലകൊടുത്തും മുരളീധരനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടയാളല്ലെന്നും കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ പ്രതികരിച്ചിരുന്നു.