Wednesday, 19 February - 2025

തെരച്ചില്‍ തുടരും, ഗോവയില്‍ നിന്ന് പുതിയ സംവിധാനം എത്തിക്കും; മുഹമ്മദ് റിയാസ്

ബെംഗളൂരു: ഷിരൂരില്‍ അര്‍ജുനായുള്ള രക്ഷാദൗത്യം തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാധ്യമാവുന്ന പുതിയ രീതികള്‍ സ്വീകരിച്ച് തെരച്ചില്‍ തുടരാനാണ് യോഗത്തിലെ തീരുമാനമെന്ന് മന്ത്രി അറിയിച്ചു. കാലാവസ്ഥ പ്രതികൂലമാവുന്നതാണ് തെരച്ചിലിന് പ്രതിസന്ധി. ലക്ഷ്യത്തിലേക്ക് എത്താന്‍ യോഗത്തില്‍ കൂട്ടായ തീരുമാനം എടുത്തു. ശ്രമം തുടരണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കാണാതായ മൂന്ന് പേരെയും കണ്ടെത്തും വരെ ദൗത്യം തുടരണം. കാലാവസ്ഥ അനുകൂലമായാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവും. ഈ കാലാവസ്ഥയിലും ചെയ്യാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. എല്ലാ നിലയില്‍ ഉള്ള ശ്രമവും തുടരും.

തെരച്ചിലിനായി സിദ്ധാരമയ്യയുടെയും, കെസി വേണുഗോപാലിന്റെയും നിര്‍ദേശമുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും പറഞ്ഞു. കര്‍ണാടക ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന ഒരു സംസാരമുണ്ട്. എന്നാല്‍ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ട്. നേവി മുങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞതാണ്. എന്നാല്‍ പുഴയില്‍ വലിയ കുത്തൊഴുക്കുണ്ട്. വെള്ളത്തില്‍ മുങ്ങുന്നതിന് വേണ്ടി പുതിയ സംവിധാനം കൊണ്ടുവരും.

ഗോവയില്‍ നിന്ന് ഫ്‌ളോട്ടിങ് പോണ്ടൂണ്‍ എത്തിക്കും. ഇതുവഴിയാകും മണ്‍കൂനയ്ക്ക് അടുത്തേക്ക് എത്തുക. കുത്തൊഴുക്കുണ്ടെങ്കിലും വെള്ളത്തില്‍ പരിശോധന നടത്താന്‍ കഴിയുന്ന സംവിധാനമാണിത്. ഇന്നത്തെ തെരച്ചിലില്‍ തെര്‍മല്‍ സിഗ്‌നല്‍സ് ഒന്നും ലഭിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.

നിലവില്‍ ട്രക്കിന്റെ സ്ഥാനം മണ്‍കൂനയില്‍ നിന്ന് മൂന്ന് മീറ്റര്‍ താഴെയാണെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞിരുന്നു. കാന്തിക പരിശോധനയിലാണ് ലോഹഭാഗം ഉറപ്പിച്ചത്. അതേസമയം ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് ആര്‍മി സംഘം ദൗത്യമേഘലയില്‍ നിന്ന് മടങ്ങി.

Most Popular

error: