Saturday, 27 July - 2024

ഉപതിരഞ്ഞെടുപ്പുകൾ; രാഹുൽ മാങ്കൂട്ടത്തിൽ, ബൽറാം, രമ്യ ഹരിദാസ് പരിഗണനയിൽ

തിരുവനന്തപുരം: 2 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളാരെന്ന അനൗദ്യോഗിക ചർച്ചകൾ കോൺഗ്രസിന്റെ നേതൃതലത്തിൽ തുടങ്ങി. പാലക്കാട്ട്   യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം എന്നിവരുടെ പേരുകളാണുയരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായശേഷം പാലക്കാട് മണ്ഡലത്തിലെ പല പരിപാടികളിലും ഷാഫിക്കൊപ്പം രാഹുലും പങ്കെടുത്തിരുന്നു. രാഹുൽ വന്നാൽ കൊള്ളാമെന്ന് ഷാഫിക്കും താൽപര്യമുണ്ടെന്നാണ് പ്രചാരണം. പകരക്കാരനെ തീരുമാനിക്കുന്നതിൽ ഷാഫിയുടെ അഭിപ്രായം കൂടി പരിഗണിക്കും.

ആലത്തൂരിൽ പരാജയപ്പെട്ട രമ്യ ഹരിദാസിനു ചേലക്കരയിൽ അവസരം നൽകാവുന്നതല്ലേ എന്ന നിലയ്ക്കും ചർച്ചകളുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ അയ്യായിരത്തോളം വോട്ടിന്റെ മാത്രം ലീഡാണു രമ്യയ്ക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണനു ലഭിച്ചത്. ഇതു തന്നെയാണു രമ്യയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകമായി കോൺഗ്രസ് കാണുന്നത്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാൻ ആ വർഷം തന്നെ ആലപ്പുഴയിലെ അരൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു ജയിച്ച ചരിത്രം പാർട്ടിക്കു മുന്നിലുണ്ട്. റായ്ബറേലിയിൽ കൂടി ജയിച്ചതിനാൽ വയനാട് മണ്ഡലം ഒഴിയാൻ രാഹുൽ ഗാന്ധി തീരുമാനിച്ചാൽ വയനാട്ടിലും ഉപതിരഞ്ഞെടുപ്പു നടക്കും. എന്നാൽ, സ്ഥാനാർഥിയാരെന്ന തീരുമാനം പൂർണമായും കേന്ദ്രനേതൃത്വത്തിന്റേതാകും. 

തൃശൂരിലെ പരാജയത്തിന്റെയും ആറ്റിങ്ങലിലെ കഷ്ടിച്ചുള്ള ജയത്തിന്റെയും പിന്നിലെ കാരണങ്ങൾ കോൺഗ്രസ് അന്വേഷിക്കും. തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ അടുത്തയാഴ്ച കെപിസിസി നേതൃയോഗം ചേരാനാണ് ആലോചന. യോഗത്തിൽ അന്വേഷണ രീതി തീരുമാനിക്കും. നിയമസഭാ സമ്മേളനം 10നു തുടങ്ങുന്നതു കൂടി കണക്കിലെടുത്തു 12ന് യുഡിഎഫ് യോഗവും ആലോചിക്കുന്നുണ്ട്.

Most Popular

error: