ജിദ്ദ: ജിദ്ദയിൽ നിന്നും ഒരു കൂട്ടം കലാകാരന്മാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രമായ ‘തേടി’ക്ക് ദേശീയ പുരസ്‌കാരം. കൊൽക്കത്തയിൽ നടന്ന ഇന്ത്യ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ്‌സ് (ISFFA 2023) പരിപാടിയിൽ മൂന്ന് അവാർഡുകളാണ് നേടിയത്.
മാർച്ച് 14, 15 തീയതികളിൽ കൊൽക്കത്ത രബീന്ദ്ര ഒക്കക്കൂറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവും ബംഗ ഭൂഷൻ അവാർഡ് ജേതാവുമായ ദിബയേന്തു ബറുവയിൽ നിന്ന് ‘തേടി’ ഹ്രസ്വ ചിത്രത്തിൽ അഭിനേതാവായ സ്റ്റാൻലി കണ്ണമ്പാറ അവാർഡുകൾ ഏറ്റുവാങ്ങി.
തുഷാര ഷിഹാബ് (മികച്ച തിരക്കഥ), മുഹമ്മദ് ഇഷാൻ അയ്യാരിൽ (മികച്ച രണ്ടാമത്തെ നടൻ) എന്നിവക്ക് പുറമെ മികച്ച മലയാളം ഷോർട്ട് ഫിലിമിനുള്ള ഫെസ്റ്റിവൽ മെൻഷൻ അവാർഡ് സംവിധായകൻ മുഹസിൻ കാളികാവും കരസ്ഥമാക്കി.
കഴിഞ്ഞ മാസം കോഴിക്കോട് സംഘടിപ്പിച്ച മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ഹ്രസ്വ ചിത്രത്തിന് പുരസ്ക്കാരം ലഭിച്ചിരുന്നു.
രണ്ടാമത്തെ ബെസ്റ്റ് പ്രവാസി ഷോര്‍ട്ട് ഫിലിം അവാര്‍ഡാണ് ഫെസ്റ്റിവലില്‍ നേടിയത്. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിൽ നിന്നും സ്റ്റാൻലി കണ്ണമ്പാറ പുരസ്‌ക്കാരം സ്വീകരിച്ചിരുന്നു.
തിയേറ്റർ പ്രൊഡക്ഷൻ ബാനറിൽ മുഹ്‌സിന്‍ കാളികാവിന്റെ രചനയിലും സംവിധാനത്തിലും ഒരുക്കിയ ‘തേടി’യുടെ പ്രമേയം
പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരിക്കുകയും ഗൾഫിൽ തന്നെ മൃതദേഹം മറമാടുകയും
ചെയ്യേണ്ടിവരുന്നതാണ് 15 മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
സംവിധായകന്‍ മുഹ്‌സിന്‍ കാളികാവ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്. തിരക്കഥ തുഷാര ശിഹാബ്, സംഗീതം: അബ്ദുൽ അഹദ് അയ്യാറില്‍, എഡിറ്റിങ്: റിയാസ് മുണ്ടേങ്ങര, പ്രൊഡ്യൂസര്‍ മുഹമ്മദ് ശിഹാബ് അയ്യാറില്‍ എന്നിവരാണ് ഹൃസ്വ ചിത്രത്തിന്റെ മറ്റു അണിയറ പ്രവര്‍ത്തകര്‍.




